2011 മേയ് അഞ്ച്, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ഐപിഎലിൽ കേരളത്തിന്റെ കൈയ്യൊപ്പുമായി കൊച്ചി ടസ്കേഴ്സ്. ആർത്തുവിളിക്കുന്ന മലയാളി ആരാധകരുടെ ആവേശമുൾകൊണ്ട് റൈഫി വിൻസന്റ് ഗോമസ് അദ്ഭുത ബൗളിംഗ് കാഴ്ചവച്ചദിനം.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഗൗതം ഗംഭീറിനെയും ജാക് കാലിസിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ റൈഫി കളിഗതി ടസ്കേഴ്സിന് അനുകൂലമാക്കി. ഇന്ത്യയുടെ അണ്ടർ 17, 19 ടീമുകളുടെ ഭാഗമായിരുന്ന, കേരളത്തിന്റെ മുൻ ക്യാപ്റ്റനായ, മലയാളി പേസർ ശ്രീശാന്തിനുശേഷം ആദ്യമായി ഐപിഎൽ ടീമിൽ ഇടംനേടിയ ഈ തിരുവനന്തപുരം സ്വദേശി ക്രിക്കറ്റ് കളത്തിൽ പുതിയ ദൗത്യത്തിലും ദിശയിലുമാണ്…
പോണ്ടിച്ചേരിക്കൊപ്പം രഞ്ജി…
പോണ്ടിച്ചേരിക്ക് ഈ വർഷം രഞ്ജിയിലേക്ക് യോഗ്യത ലഭിച്ചപ്പോൾ അതിഥിതാരമായി ടീമിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു. ഇന്ത്യൻ താരമായ അഭിഷേക് നായർ പരിക്കേറ്റ് പുറത്തായ ഒഴിവിലേക്കായിരുന്നു ക്ഷണം.
നിരവധി മലയാളി താരങ്ങൾ ഈ സീസണിൽ പോണ്ടിച്ചേരിക്കായി കളിക്കുന്നുണ്ട്. തലശേരിക്കാരനായ ഫാബിദ് ഫറൂഖ് അഹമ്മദാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ടീമിനായി ആദ്യ സെഞ്ചുറി നേടിയ താരവും ഫാബിദാണ്. രഞ്ജി പ്ലേറ്റ് ഗ്രൂപ്പിൽ 30ന് മിസോറമിനെതിരേയാണ് അടുത്ത മത്സരം. ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ പോണ്ടിച്ചേരി ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. 25 പോയിന്റുമായി നാലാമതാണ്.
ലങ്കയിലേക്ക്…
ശ്രീലങ്കയിൽ ലിസ്റ്റ് എയിൽ ചില്ലാവ് മാരിയൻസിനായാണ് കളിക്കുന്നത്. പരിചയ സന്പന്നനായ ഓൾറൗണ്ടറിനായുള്ള ചില്ലാവിന്റെ അന്വേഷണം ടീമിലേക്ക് വഴിതുറക്കുകയായിരുന്നു. 12-ാം വയസിൽ ക്രിക്കറ്റ് മൈതാനത്ത് എത്തിയതു മുതൽ സൗരവ് ഗാംഗുലിയുടെ (ഐപിഎലിൽ പൂന വാരിയേഴ്സ്) ക്യാപ്റ്റൻസിയിലടക്കം കളിക്കാൻ ലഭിച്ച അനുഭവം ചില്ലാവിലെ അനുജന്മാരുമായി പങ്കുവയ്ക്കുന്നു.
പോണ്ടിച്ചേരിയും ലങ്കയും…
രണ്ടിടങ്ങളിലെയും ആൾക്കാർ സ്നേഹസന്പന്നരാണ്. പോരാത്തതിന് ഒരേ ഭാഷക്കാരും. ഇവിടങ്ങളിലെ കൾച്ചറൽ സമാനമാണ്. പോണ്ടിച്ചേരിയിൽ വിനോദത്തിനും വിദ്യാഭ്യാസത്തിനും എത്തുന്ന മലയാളികളുടെ എണ്ണവും ഏറെയാണ്. എല്ലാംകൊണ്ടും ഏറെ ഇഷ്ടം.
ബ്ലോഗ് മുതൽ കമന്ററിവരെ…
ഫിറ്റ്നസിനെ ഏറെ ഇഷ്ടപ്പെടുന്നതിനാലാണ് അതിനെക്കുറിച്ചുള്ള ബ്ലോഗ് തുടങ്ങിയത്. കായികക്ഷമത കളത്തിലെ പ്രകടനത്തിന് അടിസ്ഥാനമാണ്. ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ കമന്ററി പറയാൻ അവസരം ലഭിച്ചു. ഷൈജു ദാമോദരനൊപ്പമായിരുന്നു അത്.
ആഗസിയെ ഇഷ്ടം
ടെന്നീസ് താരം ആന്ദ്രേ ആഗസിയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് റൈഫി. അതുകൊണ്ടുതന്നെ മൂത്ത മകന്റെ പേര് ആന്ദ്രേ ഗോമസ് എന്നിട്ടു. രണ്ടാമൻ മാർക്കസ് ഗോമസ്. മേഘയാണ് ഭാര്യ.
മുഷ്താഖ് അലി ട്വന്റി-20യിൽ കേരളം ചരിത്രത്തിലാദ്യമായി രണ്ടാം റൗണ്ടിൽ കടന്നത് റൈഫിയുടെ കീഴിലാണ്. എസ്ബിടി-എസ്ബിഐ ലയനത്തിന്റെ തലേന്ന് പബ്ലിക് സെക്ടർ ദേശീയ ടൂർണമെന്റിൽ എസ്ബിടിയെ കിരീടമണിയിച്ചിരുന്നു. ഏതുടീമിലാണെങ്കിലും പൂർണമായ സമർപ്പണമാണ് ഈ താരത്തിന്റെ വിജയമന്ത്രം.
അനീഷ് ആലക്കോട്