‘കായംകുളം: റെയിൽ പാളത്തിൽ ട്രെയിൻ കടന്നുവരുന്നതിനിടയിൽ കല്ല് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. അട്ടിമറി അല്ലന്ന് റെയിൽവേ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്പോഴും തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുയർത്തുകയാണ്.കഴിഞ്ഞ ദിവസം റെയിൽപാളത്തിൽ പാറക്കല്ല് കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ വേഗതകുറച്ച് കടന്നുപോയതിനാലാണ് അപകടം ഒഴിവായത്.
പാളത്തിൽ വെച്ച കല്ലിടിച്ചു തെറിപ്പിച്ച് ട്രെയിൻ കടന്നു പോകുകയായിരുന്നു. കൊല്ലം – ആലപ്പുഴ മെമുട്രെയിൻ കടന്നുപോകുന്നതിനിടയിൽ കായംകുളം പത്തിയൂർ ഏനാകുളങ്ങര ലെവൽക്രോസിന് സമീപമായിരുന്നു സംഭവം. പാളത്തിൽ കല്ല് ഇരിക്കുന്നതായി ലോക്കോപൈലറ്റ് ദൂരെനിന്ന് കണ്ടതിനെത്തുടർന്ന് ട്രെയിന്റെ വേഗത കുറക്കുകയായിരുന്നു.
ആർപിഎഫ് കൊല്ലം സിഐ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമെത്തി പ്രാഥമിക പരിശോധന നടത്തിഗതാഗത തടസം ഇല്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് പിന്നീട് ട്രെയിനുകൾ കടത്തിവിട്ടത്. സമീപ ലെവൽക്രോസിലെ ഗേറ്റ്കീപ്പർ, പരിസരവാസികൾ എന്നിവരിൽനിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ കല്ല് ചിതറി തെറിച്ചതിനാലാണ് ദുരന്തം ഒഴിവായത്. ഒരുമാസത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത് രണ്ടാഴച മുന്‍പ് കാക്കനാട് ലെവൽക്രോസിന് സമീപം റെയിൽവേ പാളത്തിൽ ഇലക്ട്രിക്കൽ സാമഗ്രികൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നിൽ അട്ടിമറി ശ്രമമല്ല മോഷണ ശ്രമമാണന്നാണ് റെയിൽവേ സുരക്ഷാ വിഭാഗം കണ്ടെത്തിയത്.
റെയിൽവേ ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വാഗണ്‍ കുത്തിത്തുറന്ന് കേബിളുകളും ഫൈബർ ഹാന്റിലുകളുമാണ് അന്ന് പാളത്തിൽ നിരത്തിവെച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് കടന്നുവന്ന ട്രാക്കിലായിരുന്നു ഫൈബർ ഹാന്റിലുകളും എട്ട് കിലോയോളം ചെന്പ് കേബിളുകളും മറ്റുകേബിളുകളും നിരത്തിവച്ച നിലയിൽ കണ്ടെത്തിയത്.
ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ട്രെയിൻ വേഗം കുറച്ച് കടന്നുപോയശേഷം കായംകുളം സ്റ്റേഷനിലെത്തി സ്റ്റേഷൻമാസ്റ്ററെ ലോക്കോപൈലറ്റ് വിവരമറിയിക്കുകയുമായിരുന്നു. അതിന് ശേഷം കഴിഞ്ഞയാഴ്ച ട്രെയിൻ കടന്നുവരാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കവെ റെയിൽവേ ട്രാക്കിൽ റെയിൽ പാളത്തിന്റെ ഭാഗങ്ങൾ കുറുകെ ഇട്ടനിലയിൽ കണ്ടെത്തിയിരുന്നു.
പഴയ പാളത്തിന്റെ ഭാഗങ്ങളാണ് ട്രാക്കിൽ വച്ചനിലയിൽ കണ്ടെത്തിയത്. കായംകുളം റെയിൽവേ സ്റ്റേഷന് തെക്ക്ഭാഗത്ത് കെപി റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം സിഗ്നലിനോട് ചേർന്നുളള ട്രാക്കിലാണ് എണ്‍പത് കിലോയോളം തൂക്കമുളള പഴയ പാളത്തിന്റെ ഭാഗംകണ്ടെത്തിയത്. റെയിൽവേ കീമാൻ പാളം പരിശോധിച്ച് ട്രാക്കിനു സമീപത്തുകൂടി നടന്നുവരുന്നതിനിടയിലാണ് ട്രാക്കിന് കുറുകെ അപകടകരമായ നിലയിൽ പാളം കിടക്കുന്നത് കണ്ടത്.
ഉടൻതന്നെ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ആർപിഎഫ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് നിന്ന് ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ സൂചനകൾ ഒന്നും ലഭിച്ചില്ല.
കഴിഞ്ഞ വർഷം സമാനരീതിയിൽ കായംകുളം റെയിൽവേ സ്റ്റേഷന് തെക്ക് ചേരാവള്ളിയിൽ റെയിൽവേയുടെ തന്നെ ഭാരമേറിയ ഇരുന്പ് ബോക്സ് ട്രാക്കിൽവെച്ചനിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ രാത്രിയിൽ പരിശോധന ശക്തമാക്കി കുറ്റവാളികളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.