കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വൈദ്യുത കന്പി റെയിൽവേ ട്രാക്കിൽ വൻ ശബ്ദത്തോടെ പൊട്ടിവീണു. പരിഭ്രാന്തരായ യാത്രക്കാർ സ്റ്റേഷനു പുറത്തേക്ക് ഭയന്നോടി. ഇലക്ട്രിക് ട്രെയിനിനായി ഉപയോഗിക്കുന്ന 25,000 വോൾട്ടിന്റെ വൈദ്യുത കന്പിയാണ് പൊട്ടിവീണത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന്റെ ഒന്നാംനന്പർ പ്ലാറ്റ്ഫോമിനടുത്ത മംഗളൂരു ഭാഗത്തേക്കു പോകുന്ന ട്രെയിനുകളുടെ ട്രാക്കിലാണ് വൈദ്യുത തൂണിൽനിന്നും കന്പി പൊടുന്നനെ പൊട്ടിവീണത്. ഈസമയം ട്രാക്കിൽ ട്രെയിനുകളൊന്നും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
വൈദ്യുത കന്പി പൊട്ടി റെയിൽവേ ട്രാക്കിൽ വീണയുടനെ വലിയ ശബ്ദത്തോടെ വൈദ്യുതി നിലച്ചു. വൈദ്യുത കന്പി പൊട്ടിവീഴാനിടയായ കാരണമെന്താണെന്ന് റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്.
ശക്തമായ മഴയോ കാറ്റോ ഇല്ലാത്ത സമയത്ത് വൈദ്യുത കന്പി പൊട്ടിവീണതിൽ യാത്രക്കാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. റെയിൽവേയുടെ അറ്റകുറ്റപ്പണി ചെയ്യുന്ന വിഭാഗം മുറിഞ്ഞുവീണ വൈദ്യുതി കന്പി പൂർവസ്ഥിതിയിലാക്കി.
വൈദ്യുതി പ്രസരണം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നതുകാരണം ഉച്ചസമയത്ത് ട്രെയിനുകളൊന്നും കണ്ണൂർ റെയിൽവേ ട്രാക്കിൽ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായതെന്ന് യാത്രക്കാർ പറഞ്ഞു.