ഷൊർണൂർ: തീവണ്ടി പാതകളും ഇനിമുതൽ സ്മാർട്ടാകും. മരക്കട്ടകൾ പാകി അതിനുമുകളിൽ പാളങ്ങൾ പിടിപ്പിച്ച് ട്രെയിനുകൾ ഓടിയിരുന്ന കാലം ഇനി വിസ്മൃതിയിലേക്ക്. കാലത്തിനൊത്ത് കോലംമാറുകയാണ് റെയിൽവേയും.ഇതിന്റെ ഭാഗമായി തീവണ്ടിപാതകളിൽ മരംകൊണ്ടുള്ള സ്ലിപ്പറുകൾ പൂർണമായും ഒഴിവാക്കാനാണ് റെയിൽവേ തീരുമാനം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം റെയിൽവേ ഡിവിഷനുകൾക്ക് കീഴിലുമുള്ള റെയിൽപാതകളിൽ മരക്കട്ടകൾക്കു പകരം കോണ്ക്രീറ്റ് സ്ലീപ്പറുകൾ സ്ഥാനം പിടിച്ചു തുടങ്ങി.
അത്യാധുനികവത്കരണത്തിന്റെ ഭാഗമായി റെയിൽവേ നവീകരണനടപടികൾ വ്യാപകമായി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് തീവണ്ടിപാതകളിൽ മരംകൊണ്ടുള്ള സ്ലിപ്പറുകൾ മാറ്റാനുള്ള തീരുമാനമുണ്ടായത്. ഇതോടൊപ്പം പുതിയ ഇലക്ട്രോണിക് ഇൻറർലോക്ക് സിഗ്നൽ സംവിധാനവും ഉടനേ പ്രാബല്യത്തിൽ വരും.
മധുക്കരമുതൽ മംഗലാപുരം ജംഗ്ഷൻവരെയും പോത്തന്നൂർ മുതൽ മംഗലാപുരം വരെയുമായി 580 റൂട്ട് കിലോമീറ്ററാണ് പാലക്കാട് റെയിൽവേ ഡിവിഷനിൽ വരുന്നത്. ഇത്രയും കിലോമീറ്ററിലായി 1,200-ലധികം ട്രാക്ക് കിലോമീറ്ററുകൾ ഉണ്ട്. ഇവയിൽ ഉപയോഗിച്ചിരുന്ന മരസ്ലിപ്പറുകൾ ഇപ്പോഴില്ല. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ സുരക്ഷിതമാണ് മരംകൊണ്ടുള്ള സ്ലിപ്പറുകൾ എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
കൊടുംചൂടുകാലത്ത് റെയിൽപാളങ്ങൾ വളയാതെയും സുരക്ഷിതമായും ഇവ സംരക്ഷിക്കുന്നു. എന്നാൽ വളരെ പെട്ടെന്നു തന്നെ മര സ്ലിപ്പറുകൾക്ക് കേടുപാട് സംഭവിക്കുകയും ചിതലരിച്ച് നശിക്കുകയും ചെയ്യുന്ന സാഹചര്യം മുൻനിർത്തിയാണ് ഇവ മാറ്റാൻ റെയിൽവേ തീരുമാനമെടുത്തത്.
മര സ്ലിപ്പറുകൾ വേഗത്തിൽ ചിതലരിച്ച് നശിക്കുന്നതിനൊപ്പം മഴക്കാലത്ത് ഈർപ്പം നിലനിന്നു കേടുപാടുകൾ സംഭവിക്കുന്നതും വ്യാപകമാണ്. വർഷക്കാലം കഴിഞ്ഞാൽ പിന്നെ അധികൃതർക്ക് ഇവ മാറ്റാൻ മാത്രമേ സമയം കാണൂ.
ഇതിനുപുറമേ വനനശീകരണം, മരംവെട്ട് മുതലായ പ്രകൃതിചൂഷണം ഒഴിവാക്കാനും കോണ്ക്രീറ്റ് സ്ലിപ്പറുകൾ സ്ഥാപിക്കാനും കാരണമായിട്ടുണ്ട്.