കോഴിക്കോട്: കാവിക്കൊടിയുമായി പാളത്തിൽ കയറിനിന്നു ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ അട്ടിമറി സാധ്യതയോ മറ്റ് കാര്യങ്ങളോ ഇല്ലെന്ന് പോലീസ്.
സംഭവത്തില്‍ പിടിയിലായ ബിഹാര്‍ സ്വദേശിയെ പോലീസും ആര്‍പിഎഫും മണിക്കൂറുകളോളം ചോദ്യം ചെയ്തു. പെട്ടെന്നുണ്ടായ വികാര പ്രകടനത്താലാണ് ഇയാള്‍ ഇത് ചെയ്തതെന്നാണ് ആര്‍പിഎഫ് പറയുന്നത്.
ഈസ്റ്റ് ചന്പാരൻ നർഹ പാനാപുർ സ്വദേശി മൻദീപ് ഭാരതി (26)യാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ഫറോഖ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
മഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് സ്റ്റേഷനിൽ എത്തിയപ്പോൾ മൻദീപ് ഭാരതി കന്പിൽ കെട്ടിയ കാവിക്കൊടിയുമായി ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ കയറി നിൽക്കുകയായിരുന്നു. പോലീസ് ഇയാളെ പിടിച്ചു മാറ്റിയശേഷമാണ് തീവണ്ടി യാത്ര തുടർന്നത്.
യുവാവിന്റെ പ്രതിഷേധത്തെ തുടർന്ന് 10 മിനിട്ടോളം വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ആശാരിപ്പണിക്കാരനാണ് മൻദീപ് ഭാരതി. ജോലി ചെയ്ത വകയിലുള്ള 16,500 രൂപ കിട്ടാനായിട്ടാണ് ട്രെയിനിനു മുന്പിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മൻദീപ് ഭാരതി പോലീസിനോട് പറഞ്ഞു.
കൂലി വാങ്ങിതരണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഫറോക്ക് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോലീസില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. അതിക്രമിച്ച് കടന്ന് റെയില്‍പാളത്തില്‍ കടന്നതിന് ഇയാള്‍ പിഴ ഒടുക്കേണ്ടിവരും. അതേസമയം കൂലി പ്രശ്നം കുറ്റിപ്പുറം പോലീസ് കൈകാര്യം ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ജോലിചെയ്ത വകയില്‍ പതിനെട്ടായിരം രൂപ നല്‍കാനുണ്ടെന്നും ഇതില്‍ അയ്യായിരം രൂപയാണ് ലഭിച്ചതെന്നുമാണ് പരാതി.