കോഴിക്കോട്: കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തിവച്ച സംഭവത്തില്‍ ട്രയിന്‍ അട്ടിമറി സാധ്യത അന്വേഷിക്കുന്നു. കുണ്ടായിത്തോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് 60 മീറ്റര്‍ നീളത്തില്‍ കല്ലുകള്‍ നിരത്തിവച്ചത്.
ഏറനാട് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ആര്‍പിഎഫില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും അന്വേഷിക്കുന്നുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ കല്ലുകള്‍ റെയില്‍വേ ട്രാക്കില്‍ വച്ചതാവാമെന്നാണ് വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം.
അതേസമയം ഇത് സ്ഥിരീകരിക്കാനായിട്ടില്ല. ട്രാക്കില്‍ കല്ലുകള്‍ കണ്ട സ്ഥലത്തിന് സമീപത്തായി അണ്ടര്പാസുണ്ട്. ഇവിടെ ആളുകളുണ്ടവാറുണ്ട്. സംഭവം നടക്കുന്നതിന് മുമ്പ് ഈ ഭാഗത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ കണ്ടിരുന്നതായും പറയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ട്രയിന്‍ അട്ടിമറി സാധ്യതയില്ലെന്ന് പ്രാഥമികമായി വിലയിരുത്തുന്നത്. കല്ലുകളുള്ളത് റെയില്‍വേ ട്രാക്കിലായതിനാല്‍ സംഭവത്തെ കുറിച്ച് വിശദമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് അന്വേഷിക്കുന്നത്.
റെയില്‍വേ പോലീസിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും അട്ടിമറി സാധ്യത പരിശോധിച്ചുവരികയാണെന്നും റെയില്‍വേ എസ്പി നിശാന്തിനി രാഷ്ട്രദീപികയോട് പറഞ്ഞു. നേരത്തെയും പ്രദേശത്ത് ട്രാക്കില്‍ ഇരുമ്പ് പൈപ്പുകള്‍ കണ്ടെത്തിയിരുന്നു.