അങ്കമാലി: പാളത്തിലെ വിള്ളലും വൈദ്യുതി ലൈനിലെ തകരാറുംമൂലം അങ്കമാലിയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഗുഡ്സ് ട്രെയിൻ കടന്നു പോകവെ ഇന്നു രാവിലെ 6.50 ന് അങ്കമാലി സ്റ്റേഷനു സമീപം വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. ഇതേത്തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു.
പത്തിലേറെ ട്രെയിനുകൾ കറുകുറ്റി, കൊരട്ടി, ചാലക്കുടി, തുടങ്ങിയ സ്റ്റേഷനുകളിലായി മണിക്കൂറുകളോളം പിടിച്ചിട്ടു. ഷൊർണൂർ-എറണാകുളം പാസഞ്ചർ, ബംഗ്ളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, ഗുരുവായൂർ-പുനലൂർ ഫാസ്റ്റ് പാസഞ്ചർ, ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നത്.
പിന്നീട് വൈദ്യുതി തകരാർ പരിഹരിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. ഇതിനിടെ, ചൊവ്വരസ്റ്റേഷനു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നു തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതവും രണ്ടു മണിക്കൂറോളം വൈകി.
പാളത്തിലെ വിള്ളൽ ആലുവ റെയിൽവേ വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി വിള്ളൽ പരിഹരിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതേത്തുടർന്ന് ഗുരുവായൂർ പാസഞ്ചർ രണ്ടു മണിക്കൂറോളം വൈകിയാണു യാത്ര തുടർന്നത്. എട്ടേ മുക്കാലോടെ വടക്കോട്ടേക്കുള്ള ഗതാഗതം പൂർവ സ്ഥിതിയിലായെങ്കിലും ട്രെയിനുകൾ വൈകിയാണോടുന്നത്.