തൃക്കരിപ്പൂർ: നടവഴി അടഞ്ഞതോടെ റെയിൽ പാളങ്ങൾ മുറിച്ചുകടന്ന് ടൗണിലേക്ക് എത്താൻ പടിഞ്ഞാറൻ മേഖലയിലുള്ളവർ ദുരിതമനുഭവിക്കുമ്പോൾ റെയിൽവേ അധികൃതരുടെ കനിവുണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാമെന്ന നിർദേശം ജനങ്ങൾ മുന്നോട്ടു വയ്ക്കുന്നു.
റെയിലിന് അടിയിലൂടെ നടന്നു വരാൻ കഴിയുന്ന ഒരു പാത അടച്ചുവച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്തായി പേക്കടത്തു നിന്നും പാളത്തിന് അടിയിലൂടെ നിലവിലുള്ള ചെറിയ പാലം വഴി കാൽനട യാത്രക്കാർക്കായി നടന്നു പോകാൻ അനുമതി നൽകിയാൽ സ്കൂളുകളിലേക്ക് ഇരു പാളങ്ങൾ മുറിച്ചു കടക്കുന്നതിന്റെ അപകട ഭീതി ഒഴിവാക്കാനും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ആശങ്ക ഇല്ലാതാക്കാനും കഴിയും.
ഉർസുലൈൻ കോൺവെന്റിന് മുന്നിലേക്ക് എത്തുന്ന റെയിൽവേ പാലത്തിന്റെ ഒരു ഭാഗത്തുകൂടി അല്പം മണ്ണിട്ടുയർത്തിയാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുളള കാൽനട യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകും. ഇരു ഭാഗങ്ങളിലും തൊട്ടടുത്തു തന്നെ റോഡ് ഉണ്ടെന്നത് നടപ്പാതക്ക് പ്രാധാന്യമേറുകയുമാണ്.
രണ്ടര പതിറ്റാണ്ട് മുമ്പ് ഇതുവഴി ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ചെറുവാഹങ്ങൾ കടന്നു പോകാൻ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് റെയിൽപ്പാളങ്ങൾ വച്ച് അടച്ചിടുകയായിരുന്നു. തൃക്കരിപ്പൂരിലെ രാഷ്ട്രീയ കക്ഷികളും മറ്റു സന്നദ്ധ സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിരവധി നിവേദനങ്ങളും റെയിൽവേ അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇനിയും അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല.
എന്നാൽ പതിറ്റാണ്ടുകളായി റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്തായി ജനങ്ങൾ ഉപയോഗിച്ച് വന്ന നടവഴി കഴിഞ്ഞ ദിവസം പാളങ്ങൾ സ്ഥാപിച്ച് അടച്ചതോടെ പടിഞ്ഞാറൻ മേഖലയിലുള്ള നൂറുകണക്കിന് വരുന്ന നാട്ടുകാർ റെയിൽവേയുടെ കനിവിനായി കാത്തിരിക്കുകയാണ്.
അപകടഭീതിയില്ലാതെ തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെയും സെന്റ്് പോൾസ് എയുപി സ്കൂളിലെയും കൂലേരി ഗവ. എൽപി സ്കൂളിലെയും ആയിരത്തിൽപരം വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിൽ എത്താൻ ഇതിലൂടെ നടപ്പാതയുണ്ടായാൽ കഴിയും.