സ്വന്തം ലേഖകന്‍
മുക്കം (കോഴിക്കോട്): റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കാരശേരി ഗ്രാമപഞ്ചായത്ത് സ്വദേശിയായ ബിജെപി നേതാവാണ് കൂടുതൽ പേരിൽനിന്നും പണം വാങ്ങിയത്.
തട്ടിപ്പ് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. പരാതിക്കാരെ വിളിച്ചു കൂടൂതല്‍ വിവരങ്ങള്‍ തേടിയതായി മുക്കം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നെ കേന്ദ്രീകരിച്ചും
അതേസമയം മലയാളികള്‍ക്കു പുറമെ ഒട്ടേറെ തമിഴ്നാട് നിവാസികളും തട്ടിപ്പിനിരയായ വിവരം പുറത്ത്വന്നിരിക്കുകയാണ്.
കോവിഡ് കാലത്ത് ചെന്നൈ കേന്ദ്രീകരിച്ചും തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. പിന്നീട് കേരളത്തിലേക്ക് വ്യാപിക്കുകയാണുണ്ടായത്.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്.
ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവരും നല്കുകയുണ്ടായി.
ഫോട്ടോ തട്ടിപ്പ്
എടപ്പാള്‍ വട്ടംകുളം കവുപ്ര സ്വദേശിനി, വല്ലത്തായ്പാറക്കാരനായ മുക്കത്തെ ബിജെപി പ്രാദേശിക നേതാവ്, പൊന്നാങ്കയം സ്വദേശി എന്നിവരടങ്ങുന്ന സംഘമാണ് നൂറ് കണക്കിനാളുകളില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയത്.
ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായി പി. കെ. കൃഷ്ണദാസിന്റെ ഫോട്ടോ തട്ടിപ്പ് സംഘം ദുരുപയോഗപ്പെടുത്തിയിരുന്നതായി പാര്‍ട്ടി പ്രാദേശിക നേതൃത്വം പറയുന്നു.
ഇദ്ദേഹത്തൊടൊപ്പം നില്ക്കുന്ന ഫോട്ടോ കാണിച്ചുകൊടുത്തു ആളുകളുടെ വിശ്വാസം ഉറപ്പു വരുത്തുകയായിരുന്നു.
ഇരകളാക്കിയത്
ഇതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എസ്്സി മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റ് എം.കെ. ഷിജുവിനെ പാര്‍ട്ടി പദവിയില്‍ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇയാളായിരുന്നു മുഖ്യ ഇടനിലക്കാരന്. പാര്‍ട്ടി കുടുംബാംഗങ്ങളെയാണ് ഇയാള്‍ ഇരകളാക്കിയതെന്ന് പ്രാദേശിക നേതൃത്വം പറയുന്നു.
റെയില്ല്വേയുമായി ബന്ധപ്പെട്ട ഡേറ്റകള്‍ അയച്ചുകൊടുത്തു വെളളക്കടലാസില്‍ പകര്‍ത്തി തിരികെ അയച്ചുകൊടുക്കാനായിരുന്നു ഉദ്യോഗാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നത്.
കോവിഡ് കാലമായതിനാര് വര്‍ക്ക് അറ്റ് ഹോം എന്ന് കരുതി ഉദ്യോഗാര്‍ഥികള്‍ ജോലി തുടര്‍ന്നു.
തുടക്കത്തില്‍ 25,000 മുതല്‍ 35,000 രുപവരെ പ്രതിഫലം ലഭിച്ചിരുന്നു. മാന്യമായ ശമ്പളം ലഭിച്ചതോടെ ഉദ്യോഗാര്‍ഥികള്‍ അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയുമെല്ലാം പങ്കാളിയാക്കുകയായിരുന്നു.