കൊല്ലം: അമൃത് ഭാരത് സീരീസിൽ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ആവശ്യത്തിനായി കൂടുതൽ കാര്യക്ഷമതയുള്ള ആദ്യത്തെ ഏയ്റോ ഡൈനാമിക് ഇലക്ട്രിക് എൻജിനുകൾ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്തിറക്കി.
പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോ മോട്ടീവ്സിലായിരുന്നു പ്രഥമ ജോഡി എൻജിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അമൃത് ഭാരത് ട്രെയിനുകളുടെ എണ്ണം പരമാവധി കൂട്ടാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.
ഇതുവഴി സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ യാത്രാ ഓപ്ഷനുകൾ ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.പുഷ് പുൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൽഎച്ച്ബി കോച്ചുകളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിലുള്ളത്.
മികച്ച പ്രകടനവും വേഗതയും ലക്ഷ്യമിട്ട് നോൺ ഏസി കോച്ചുകൾ മാത്രമാണ് ട്രെയിനുകളിൽ ഉപയോഗിക്കുന്നത്.ഇപ്പോൾ പുറത്തിറക്കിയ ഇലക്ട്രിക് എൻജിനുകളുടെ കാബിൻ പൂർണമായും പുനർ രൂപകൽപ്പന ചെയ്തവയാണ്. കൂടുതൽ ഇന്ധന ക്ഷമതയ്ക്കായി ഏയ്റോ ഡൈനാമിക്സ് സംവിധാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
എൻജിനിൽനിന്നുള്ള തത്സമയ വിവരങ്ങൾ ലോക്കോ പൈലറ്റിനും മറ്റ് അധികൃതർക്കും അതിവേഗം കൈമാറാനുള്ള സംവിധാനവുമുണ്ട്.
റിമോട്ട് മോണിറ്ററിംഗ് സംവിധാനമാണ് പുതിയ ഏൻജിന്റെ ഏറ്റവും വലിയ സവിശേഷതയായി എടുത്തു കാട്ടുന്നത്. റിമോട്ട് അക്സസിലൂടെ മികച്ച മെയിന്റനൻസിന് അവസരമുണ്ട്. ഇതുവഴി സമയവും ലാഭിക്കാൻ കഴിയും.പുതിയ ഇലക്ട്രിക് എൻജിന്റെ വരവോടെ രാജ്യത്തുടനീളം വേഗതയേറിയ ഹ്രസ്വദൂര യാത്ര അമൃത് ഭാരത് എക്സ്പ്രസുകൾ വഴി സാധിക്കും.
- എസ്.ആർ. സുധീർ കുമാർ