ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 3,011 കോടി രൂപ വകയിരുത്തി. അമൃത് പദ്ധതിയിൽ സംസ്ഥാനത്ത് 35 സ്റ്റേഷനുകളുടെ വികസന പ്രവർത്തനം പുരോഗമിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ മന്ത്രാലയത്തിൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോൾ 372 കോടി രൂപയാണ് കേരളത്തിൽ വികസനത്തിന് അനുവദിച്ചിരുന്നത്. എന്നാൽ ഇതിന്റെ എട്ട് മടങ്ങാണ് ഇത്തവണ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ഏതൊക്കെ പദ്ധതികൾക്കാണ് തുക വകയിരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിൽ നിലവിൽ എട്ട് പദ്ധതികൾക്കായി 12,350 കോടി രൂപ ചെലവഴിക്കുന്നുണ്ട്. കേരളത്തിൽ റെയിൽവേ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കി.
കഴിഞ്ഞ 10 വർഷത്തിനിടെ 106 അടിപ്പാതകളും മേൽപ്പാതകളും സംസ്ഥാനത്ത് റെയിൽവേ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽവേ പുതിയ അലൈൻമെന്റായ ചെങ്ങന്നൂർ-പന്പ പാത സംബന്ധിച്ച സർവേ പൂർത്തിയായിട്ടുണ്ട്. പാലക്കാട് ഡിവിഷൻ വിഭജിക്കുമെന്നത് അഭ്യൂഹമാണ്; അങ്ങനെ ഒരു നീക്കം നടന്നിട്ടില്ല. വന്ദേഭാരതിനുവേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നുവെന്നതും തെറ്റായ വിവരമാണ്.
ജനറൽ കന്പാർട്ട്മെന്റുകളിലെ തിരക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ 2500ഓളം പുതിയ ജനറൽ കോച്ചുകൾ ഈ വർഷം നിർമിക്കും. അവ ലഭ്യമാകുന്നതോടെ ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടും. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകമെന്നും മന്ത്രി അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയെപ്പറ്റി അദ്ദേഹം പ്രതികരിച്ചില്ല.