കണ്ണൂർ: പന്നേൻപാറയിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ കടന്നുപോകുന്നതിനിടെ കമിഴ്ന്നു കിടന്നു പോറൽ പോലുമേൽക്കാതെ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ഗൃഹനാഥന് ഒടുവിൽ റെയിൽവേയുടെ പിഴ.
പന്നേൻപാറ സ്വദേശി പവിത്രനെയാണു റെയിൽവേ കോടതി 1,000 രൂപ പിഴയീടാക്കി വിട്ടയച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.15 ഓടെ സുഹൃത്തിനെ ഫോൺ ചെയ്യുന്നതിനിടയിൽ പന്നേൻപാറയിലായിരുന്നു സംഭവം.
ഈ സമയം ഇതുവഴി മംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് കടന്നുവരികയായിരുന്നു.
പെട്ടെന്ന് ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷപ്പെടാൻ മറ്റു മാർഗമില്ലാതെ പവിത്രൻ ട്രാക്കിനെ അഭയം പ്രാപിക്കുകയായിരുന്നു.
താരതമ്യേന ശരീരഭാരം കുറഞ്ഞ പവിത്രൻ ട്രെയിൻ കടന്നുപോയശേഷം എഴുന്നേറ്റുവരികയായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ സംഭവം മണിക്കൂറുകൾക്കകം തന്നെ വൈറലായി മാറുകയും ചെയ്തു.
ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച് റെയിൽപാളത്തിൽ അതിക്രമിച്ചു കടന്നതിനാണു പവിത്രനെതിരേ ആയിരം രൂപ പിഴശിക്ഷ റെയിൽവേ കോടതി വിധിച്ചത്.