കൊല്ലം : ചിന്നക്കട ലെവൽക്രോസ് റോഡിന്റെ കോൺക്രീറ്റ് സ്ലാബുകൾ ഇളകിമാറി അപകടാവസ്ഥയിലായിട്ടും നടപടിയില്ല. കാൽനട യാത്രികരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.
ലെവൽക്രോസിന്റെ മധ്യഭാഗത്തുള്ള സ്ലാബുകളാണ് കൂടുതലായി ഇളകിമാറിയിട്ടുള്ളത്.
പലതവണ ഇതിനെതിരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. സ്ലാബുതകർന്നുകിടക്കുന്നതിനാൽ ചരക്കുവാഹനങ്ങളും കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.
നഗരത്തിലെത്തുന്ന വാഹനങ്ങളിൽ നല്ലൊരു ശതമാനവും കടന്നുപോകുന്നത് ചിന്നക്കട ലെവൽ ക്രോസിലൂടെയാണ്. ഈ ഭാഗത്ത് യഥാസമയം അറ്റകുറ്റപണികൾ നടത്താറില്ല. ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ ഏറെസമയവും വേണ്ടിവരുന്നു. നഗരത്തിലെ ഏക ലവൽ ക്രോസാണ് ചിന്നക്കടയിലേത്.
അറ്റകുറ്റപണികൾക്കായി മെറ്റിലും മറ്റും ഇറക്കിയിട്ടിട്ട് മാസങ്ങൾ ആയെങ്കിലും പണി തുടങ്ങാനായില്ല. റെയിൽവേയുടെ അനാസ്ഥക്കെതിരെ വഴിയാത്രക്കാരും പരാതി നൽകിയിരുന്നു. അറ്റകുറ്റപണികൾ നടത്തുന്നതിനാവശ്യമായ മെഷിനറികൾ ഇല്ലാത്തതാണ് പണി വൈകാൻ ഇടയാക്കുന്നതെന്നാണ് ഏറ്റവും ഒടുവിൽ റെയിൽവേ അധികൃതർ പറയുന്നത്.