റെനീഷ് മാത്യു
കണ്ണൂർ: ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ലൈസൻസ് ഇല്ലാത്ത ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ വ്യാപകമാകുന്നു. കർശന നടപടിയുമായി ആർപിഎഫിന്റെ ആന്റി ടൗറ്റിംഗ് സ്ക്വാഡും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പകുതിയോളം ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് ആർപിഎഫ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ തുടങ്ങണമെങ്കിൽ ഐആർസിടിസിയിൽ രജിസ്റ്റർ ചെയ്യണം. എന്നാൽ രജിസ്ട്രേഷൻ ഇല്ലാതെയാണ് മിക്ക കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. റെയിൽവേ ടൗറ്റിംഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 30 തോളം വ്യാജ ഇ-ടിക്കറ്റ് കേന്ദ്രങ്ങളാണ് കണ്ടെത്തിയത്.
വ്യാജ ഐഡികൾ രൂപീകരിച്ചാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. സ്വന്തമായുള്ള ഐആർസിടിസി അക്കൗണ്ടിൽ ആധാർ വിവരം നല്കിയവർക്ക് 12 ടിക്കറ്റുകൾവരെ ബുക്ക് ചെയ്യാം. ആധാർ വിവരം നല്കാത്തവർക്ക് ആറു ടിക്കറ്റുകൾ വരെയെ ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ.
ഇതുപോലെ പല പേരുകളിൽ വ്യാജ ഐഡികൾ രൂപീകരിച്ചാണ് ഇത്തരം കേന്ദ്രങ്ങളിൽ ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ഐആർസിടിസിയിൽ രജിസ്റ്റർ ചെയ്തവർക്ക് അവർ നല്കുന്ന ഐഡിയും പാസ്വേർഡും ഉപയോഗിച്ച് പരിധിയില്ലാതെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വ്യാജ ഇ-ടിക്കറ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് 20 രൂപ ഈടാക്കേണ്ടിടത്ത് 100 രൂപ മുതൽ 200 വരെ ഈടാക്കുന്നതായും ആർപിഎഫ് കണ്ടെത്തി. കൂടാതെ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ തുകയും ഈടാക്കുന്നു. ആന്റി ടൗട്ടിംഗ് സ്ക്വാഡിന്റെ (എടിഎസ്) നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ നാലുകേസുകൾ രജിസ്റ്റർ ചെയ്തു. തളിപ്പറന്പ്, പയ്യന്നൂർ, തലശേരി, കൂത്തുപറന്പ് എന്നിവടങ്ങളിലാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇ-ടിക്കറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയത്.
ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. ആർപിഎഫ് സിഐ എം.പി. വേണു,എ സ്ഐ അനിൽ, എഎസ്ഐ അനിൽ, സിപിഒമാരായ മനോജ് കുമാർ, മുരളീധരൻ, ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണ്ണൂർ ജില്ലയിൽ പരിശോധന നടത്തിയത്. ആർപിഎഫ് പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷ്ണർ സി.എച്ച്. രഘുവീറിന്റെ നേതൃത്വത്തിലാണ് പാലക്കാട് ഡിവിഷനിൽ റെയിൽവേ ടൗറ്റിംഗ് സ്ക്വാഡിന്റെ പരിശോധന.