അമ്പലപ്പുഴ: ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു. അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു.
ഇന്ന് പുലർച്ചെ 2.30 ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിൽ പെട്ട ട്രക്ക് ഇടിച്ചാണ് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നത്.
ഹൈഗേജ് എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന തരത്തിലാണ് നിൽക്കുന്നത്. ഇടിച്ചതിനുശേഷം ട്രക്ക് നിർത്താതെ പോയതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ പോലീസിൽ അറിയിച്ചു. ഹൈവേ പോലീസ് ട്രക്കിനെ പിൻതുടർന്ന് അമ്പലപ്പുഴ ഭാഗത്ത് വെച്ച് വാഹനം കസ്റ്റഡിയിൽ എടുത്തു.
ഹൈഗേജിന്റെ പുനർ നിർമാണത്തിന് ഒരു ലക്ഷം രൂപ ചെലവാകുമെന്ന് റെയിൽവേ ജീവനക്കാർ അറിയിച്ചു.
റെയിൽവേ ഹൈഗേജ് തകർന്നതിനെ തുടർന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു കിടക്കുകയാണ്.
ആപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് തകഴി ഗവ: ആശുപത്രിക്ക് സമീപത്തു വരയും തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബസ് തകഴി ക്ഷേത്ര ജംഗ്ഷൻ വരെയും സർവ്വീസ് നടത്തുന്നുണ്ട്. മറ്റ് വാഹനങ്ങൾ പോലീസിന്റെ നീയന്ത്രണത്തിൽ വഴി തിരിച്ച് വിടുകയാണ്. ഹൈഗേജിന്റെ അറ്റകുറ്റ പണിക്ക് ശേഷമേ സംസ്ഥാന പാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയുള്ളു.