കൊല്ലം: റെയിൽവേ ഗേറ്റുകളുകളുടെ സ്വകാര്യ വത്ക്കരണത്തിന് എതിരേ സതേൺ റെയിൽവേ എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തിൽ റെയിൽവേ ജീവനക്കാർ പ്രത്യക്ഷ സമര പരിപാടികൾക്ക് തയാറെടുക്കുന്നു.പതിനാല് ലക്ഷത്തോളം ജീവനക്കാർ പണിയെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് റെയിൽവേ. ലോകത്തിലെ ഏറ്റവും ഏറ്റവും ചെലവ് കുറഞ്ഞ യാത്രമാധ്യമം കൂടിയാണിത്.
ഇങ്ങനയൊരു സ്ഥാപനത്തെ സ്വകാര്യ വത്ക്കരിക്കുന്പോൾ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഗേറ്റുകൾ സ്വകാര്യ വത്ക്കരിക്കുന്പോൾ കീപ്പർമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് മാത്രമല്ല തൊഴിൽ നൈപുണ്യം ഇല്ലാത്തവരെ നിയമിച്ചാൽ അപകട സാധ്യത ഏറുമെന്നും നിലവിലെ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.റെയിൽവേ ഇപ്പോൾ ലാഭകരമായി പ്രവർത്തിക്കുന്നത് ജീവനക്കാരുടെ അർപ്പണ മനോഭാവവും ആത്മാർഥതയും കൊണ്ടാണ്. സ്വകാര്യവത്ക്കരണം നടക്കുന്പോൾ ഇതെല്ലാം അവതാളത്തിലാകും. പിന്നെ നഷ്ടങ്ങളുടെ കണക്കുകൾ കേൾക്കേണ്ടിവരുമെന്നും ജീവനക്കാർ പറയുന്നു.
ഇന്ത്യൻ റെയിൽവേയെ സ്വകാര്യ-വിദേശ കുത്തകകൾക്ക് അടിയറ വയ്ക്കാനാണ് അണിയറയിൽ ശ്രമം നടന്നുവരുന്നത്. ഇതുമൂലം ജീവനക്കാരുടെ തൊഴിൽ സുരക്ഷയും യാത്രികരുടെയും സുരക്ഷയും ചെലവ് കുറഞ്ഞ യാത്രാമാർഗവുമാണ് ഇല്ലാതെയാകുക.ഇതിനെതിരേ സതേൺ റെയിൽവേ സംഘും അതിന്റെ ദേശീയ ഫെഡറേഷനുമാണ് പ്രത്യക്ഷ സമരം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. റെയിൽവേയെ ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
സാധരണ ജനങ്ങളുടെയും താഴ്ന്ന വരുമാനക്കാരുടെയും ആശ്രയമായ ടിക്കറ്റ് റിസർവേഷൻ, ക്ലീനിംഗ്, കാറ്ററിംഗ്, ട്രാക്ക് നിർമാണം എന്നീ മേഖലകളിൽ ഇതിനകം തന്നെ സ്വകാര്യ വത്ക്കരണം നടപ്പിലാക്കി കഴിഞ്ഞു.ഇപ്പോൾ റെയിൽവേയുടെ വിവിധ പദ്ധതികൾ, അതിവേഗ പദ്ധതികൾ, ചരക്ക് കടത്താനുള്ള പ്രത്യേക പാതകൾ, ഇലക്ട്രിഫിക്കേഷൻ, സിഗ്നലിംഗ് തുടങ്ങിയ സംവിധാനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
റെയിൽവേ സ്റ്റേഷനുകളും എക്സ്പ്രസ്-പാസഞ്ചർ ട്രെയിനുകളും റെയിൽവേ ഗേറ്റുകളും അടക്കമുള്ളവ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നൂറുദിന കർമ പരിപാടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്.യാത്രക്കാർക്ക് ലഭിച്ച് വന്നിരുന്ന നിരവധി ആനുകൂല്യങ്ങൾ ഇതോടെ ഇല്ലാതാകും. യാത്രാ-ചരക്ക് കൂലി എന്നിവ നിശ്ചയിക്കാനുള്ള അധികാരം പോലും സ്വകാര്യ മേഖലയിൽ വന്നുചേരും. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, അംഗപരിമിതർ, കായിക താരങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, രോഗാതുരർ എന്നിവർക്കുള്ള സൗജന്യങ്ങളും ഇതോടെ നഷ്ടമാകും.
സീസൺ ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുമെന്നുള്ള സൂചന അധികൃതർ ഇതിനകം നൽകിക്കഴിഞ്ഞു. തൊഴിലാളി ദ്രോഹനടപടികളുടെ തുടക്കം തിരുവനന്തപുരം റെയിൽവേ ഡിവിഷനിലും ആരംഭിച്ചതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ, കൊല്ലം എൻജിനീയറിംഗ് സെക്ഷനുകളിലെ ലെവൽ ക്രോസ് ഗേറ്റുകൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിക്കഴിഞ്ഞു. ഒരു പരിശീലനവും നൽകാതെയാണ് സ്വകാര്യ ഏജൻസികൾ ഗേറ്റുകളിൽ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത്. ട്രെയിൻ യാത്രക്കാരുടെയും റോഡ് വഴി സഞ്ചരിക്കുന്നവരുടെയും ജീവന് ഇത് ഭീഷണിയാകുമെന്നും റെയിൽവേ ജീവനക്കാർ പറയുന്നു.
മാത്രമല്ല സ്വകാര്യ ഏജൻസികൾ നിയമിക്കുന്ന ജീവനക്കാർ നടത്തുന്ന ഗുരുതരമായ വീഴ്ചകൾക്ക് എതിരേ ഒരു നടപടി എടുക്കാനും റെയിൽവേക്ക് കഴിയില്ല. ട്രെയിനിലെ ക്ലീനിംഗും ബെഡ്ഷീറ്റ് വിതരണവും സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്. റെയിൽവേ ഗേറ്റുകളുടെ സ്വകാര്യവത്ക്കരണം എംപിമാർ വഴി പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നീക്കം ജീവനക്കാരുടെ സംഘടനകൾ ആരംഭിച്ച് കഴിഞ്ഞു.