എടത്വ: ട്രെയിൻ വരുന്നതിന് മുന്പായി റെയിൽവേ ഗേറ്റ് അടച്ചു. ബൈക്ക് യാത്രക്കാരൻ ഗേറ്റിനുള്ളിലായി. തകഴി റെയിൽവേ ക്രോസിലാണ് അപകടകരമായ വിധത്തിൽ സംഭവം അരങ്ങേറിയത്. ഇന്നലെ വൈകുന്നേരം ആറിന് ആലപ്പുഴയിൽ നിന്ന് കായംകുളത്തേയ്ക്കുള്ള ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടച്ചപ്പോഴാണ് സംഭവം. ബൈക്ക് യാത്രക്കാരൻ കടന്നുപോകുന്നതിന് മുന്പേ റെയിൽവേ ജീവനക്കാരൻ ഗേറ്റ് അടയ്ക്കുകയായിരുന്നു.
പാളത്തിൽ പെട്ടുപോയ ബൈക്ക് യാത്രക്കാരൻ ഗേറ്റിനോട് ചേർത്ത് ബൈക്ക് പാർക്കുചെയ്യുകയും, തൊട്ടുപിന്നാലെ ട്രെയിൻ എത്തുകയും ചെയ്തു. റെയിൽ പാളത്തിൽ നിന്ന് അഞ്ച് അടി അകലത്തിലാണ് പാളത്തിന് സമാന്തരമായി ബൈക്ക് നിർത്തിയിട്ടത്. ശക്തിയായ വായു സമ്മർദ്ദത്തിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് ജീവനക്കാരന്റെ അനാസ്ഥ.
പ്രദേശത്ത് മേൽപാലത്തിന്റെ അഭാവം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുകയാണ്. അത്യാസന്ന നിലയിൽ എത്തുന്ന രോഗികളുമായി ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യവും പതിവാണ്. അപകടങ്ങളും, യാത്രാക്ലേശവും പരിഹരിക്കാൻ അടിയന്തരമായി മേൽപാല നിർമാണം പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.