പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഗുഡ്‌സ് ഷെഡുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കാനൊരുങ്ങി റെയില്‍വേ. 300 സ്ഥലങ്ങളിലെ ഗുഡ്സ് ഷെഡ്ഡുകള്‍ പി പി പി വ്യവസ്ഥയിലാണ് പാട്ടത്തിനു നല്‍കുക.
ആമസോണ്‍, കൊക്കകോള തുടങ്ങിയ ആഗോള ഭീമന്‍ കമ്പനികള്‍ പാട്ടത്തിനെടുക്കുന്നതിന് രംഗത്ത് വന്നിട്ടുണ്ട്. കാലപ്പഴക്കം ചെന്ന, വൃത്തിഹീനമായ ഗുഡ്സ് ഷെഡ്ഡുകള്‍ മികച്ച ലോജിസ്റ്റിക് വെയര്‍ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ 50 ഗുഡ്സ് ഷെഡ്ഡുകളാണ് ഇപ്രകാരം കൈമാറുന്നത്. ഡല്‍ഹി, ധന്‍ബാദ്, വിശാഖപട്ടണം എന്നീ ഡിവിഷനുകളില്‍ ഷെഡുകള്‍ ആദ്യ ഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കും. 30 മുതല്‍ 35 വര്‍ഷ കാലാവധിക്കാണ് പാട്ടത്തിനു നല്‍കുന്നത്.
ഓരോ ഷെഡും നവീകരിക്കുന്നതിന് കമ്പനികള്‍ 10-20 കോടി രൂപ മുതല്‍ മുടക്കും. നിരവധി കമ്പനികള്‍ ഇക്കാര്യത്തിനായി സമീപിച്ചിട്ടുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹനി പറഞ്ഞു.
ഗോഡൗണുകള്‍ നവീകരിക്കുന്നതിന് റെയില്‍വെ ഒരു കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പടുത്തിയിട്ടുണ്ട്. ചരക്ക് നീക്കമാണ് റെയില്‍വെയുടെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ യാത്രാ ട്രെയിനുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരുന്നതിനാല്‍ ചരക്ക് ഗതാഗതം അവഗണിക്കപ്പെടുന്നു.
ഇന്ത്യയില്‍ ലോജിസ്റ്റിക് ചെലവുകള്‍ ഉയരുന്നതിന് ഇത് കാരണമാകുന്നു. ഇന്ത്യയില്‍ ശരാശരി ലോജിസിറ്റിക്‌സ് ചെലവ് 14 ശതമാനമായിരിക്കുമ്പോള്‍ ചൈനയില്‍ 8-10 ശതമാനമാണ്. ഇത് ഇന്ത്യയുടെ കയറ്റുമതി ചെലവ് ഉയര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് ഗോഡൗണുകളുടെ നവീകരണത്തിന് റെയില്‍വേ ഒരുങ്ങുന്നത്.