മൂന്നാർ: വൈകിയെങ്കിലും മൂന്നാറിനെ കുളിരണിയിക്കുന്ന മഞ്ഞിനൊപ്പം നിറങ്ങളുടെ ചാരുതയുമായി പൂത്തുലഞ്ഞുനിൽക്കുന്ന റെയിൽവേ ഗാർഡൻ സഞ്ചാരികളുടെ മനം കവരുന്നു.
അതിശൈത്യത്തിന്റെ പിടിയിലമർന്ന മൂന്നാറിൽ പ്രഭാത സമയത്ത് അരിച്ചിറങ്ങുന്ന മഞ്ഞിനോടൊപ്പം ഈ പൂന്തോട്ടവും കാഴ്ചക്കാർക്ക് വിരുന്നൊരുക്കുകയാണ്.
മൂന്നാറിന്റെ ഹൃദയഭാഗത്തു തന്നെയുള്ള ഈ പൂന്തോട്ടം കാണാൻ നിരവധി പേരെത്തുന്നുണ്ട്. ഒരുനൂറ്റാണ്ടു മുന്പ് ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിൽ മൂന്നാറിൽ സർവീസ് നടത്തിയിരുന്ന റെയിൽവേയുടെ ചരിത്രം ഓർമപ്പെടുത്തുന്നതു കൂടിയാണ് ഈ പൂന്തോട്ടം.
അന്ന് റെയിൽവേയുടെ പ്രധാന സ്റ്റേഷനായിരുന്ന മൂന്നാർ ടൗണിലെ കെട്ടിടത്തോടുചേർന്നു സ്ഥിതിചെയ്യുന്നതുകാരണം ഓൾഡ് റെയിൽവേ ഗാർഡൻ എന്നാണ് ഈ പൂന്തോട്ടം അറിയപ്പെടുന്നത്.
1909 മുതൽ ചരക്കു ഗതാഗതത്തിനായും യാത്രയ്ക്കായും ഉപയോഗിച്ചിരുന്നു. ഈ റെയിൽ സർവീസ് 1924-ലെ മഹാപ്രളയത്തിൽ തകർന്നടിയുകയായിരുന്നു. അന്നത്തെ റെയിൽവേയുടെ ഓർമകൾ ഉണർത്തുന്ന സ്മാരകങ്ങൾ ചുരുക്കം മാത്രമാണ് മൂന്നാറിലുള്ളത്.
അതിലൊന്നാണ് ഈ പൂന്തോട്ടം. പൂന്തോട്ടത്തിനോടു തൊട്ടുചേർന്നുള്ള പഴയ സ്റ്റേഷൻ കെട്ടിടത്തിലാണ് ഇന്ന് കെഡിഎച്ച്പി കന്പനിയുടെ റീജണൽ ഓഫീസ് പ്രവർത്തിക്കുന്നത്.
ചരിത്രത്തിന്റെ പിന്നാന്പുറത്തുള്ള ഈ ഉദ്യാനം ബിബിസി അവതാരകനായ മോണ്ടി ഡോണിന്റെ എറൗണ്ട് ദ വേൾഡ് ഇൻ എയ്റ്റി ഗാർഡൻസ് എന്ന പട്ടികയിൽ ഇടംപിടിച്ചതുമാണ്.