കൊല്ലം: പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയതോടെ റെയിൽവേയിൽ ഉദ്ഘാടന മാമാങ്കങ്ങൾ വരവായി. രാജ്യത്തെ വിവിധ റെയിൽവേ ഡിവിഷനുകളിലായി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ, ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനം 26-ന് 535 സ്ഥലങ്ങളിൽ നടക്കും.
രാവിലെ 10.45 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പദ്ധതികളുടെയും നിർമാണ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് വിവിധ ഡിവിഷൻ മേധാവികളിൽ നിന്ന് ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്കും നിർദേശം ലഭിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് പരമാവധി പദ്ധതികളുടെ പ്രവർത്തനം തുടങ്ങി വയ്ക്കുക എന്ന രാഷ്ട്രീയ അജണ്ട മാത്രമാണ് ഇതിന് പിന്നിൽ. എല്ലായിടത്തും വലിയ എൽഇഡി സ്ക്രീൻ സ്ഥാപിച്ച് പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ലൈവായി സംപ്രേഷണം എന്നതാണ് പ്രധാന നിർദേശം. ഒപ്പം മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ഇതിനായി ഓരോ സ്റ്റേഷനിലും രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തിക്കഴിഞ്ഞു. എല്ലാ ചടങ്ങുകളിലും കോളജ് വിദ്യാർഥികൾ അടക്കമുള്ളവരെ പങ്കെടുപ്പിക്കുകയും വേണം.
തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിൽ വിദ്യാർഥികൾക്ക് ഓൺലൈനിൽ പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരവും ഉണ്ടാകും. മാത്രമല്ല വിദ്യാർഥികൾക്കായി അന്നേ ദിവസം 2047-വികസിത ഇന്ത്യ, വികസിത റെയിൽവേ എന്ന വിഷയത്തിൽ ഉപന്യാസം, പെയിൻ്റിംഗ്, കവിതാ രചന എന്നിവയിൽ മത്സരവും നടത്തണം. ഒന്നു മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് സമ്മാനവും നൽകും. സമ്മാനാർഹരുടെ രചനകൾ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കണം എന്നും നിർദേശത്തിലുണ്ട്.
മത്സരാർഥികൾക്കും എസ്കോർട്ടിംഗ് അധ്യാപർക്കും വേദികളിൽ എത്തുന്നതിനുള്ള സൗകര്യവും റെയിൽവേ തന്നെ ഏർപ്പെടുത്തും. കേരളത്തിൽ അന്ന് 25 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെയും ഏഴ് സബ് വേയുടെയും നിർമാണ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക. റെയിൽവേ ഗേറ്റുകളോട് അനുബന്ധിച്ചാണ് ഓവർബ്രിഡ്ജുകൾ നിർമിക്കുന്നത്.
നിർമാണ ഉദ്ഘാടനം നടക്കുന്ന ഓവർബ്രിഡ്ജുകൾ- ഗുരുവായൂർ, ഹരിപ്പാട് വീയപുരം, തൃപ്പൂണിത്തുറ കുരീക്കോട്, മാവേലിക്കര കവല, കാക്കനാട്, വേലുക്കുറ്റി തിരൂർ, കടുത്തുരുത്തി, കുറുപ്പന്തറ, കോടനല്ലൂർ, നെടുപുഴ, തൈക്കാട്ടുശേരി, കാണക്കാരി, ഇരിങ്ങാലക്കുട പള്ളി, കൃഷ്ണപുരം, ഓച്ചിറ, ചിറ്റുമല, ഇടക്കുളങ്ങര, കൊല്ലം പോളയത്തോട്, പരവൂർ ഒല്ലാൽ, വർക്കല, ജനതാ മുക്ക്, അഴൂർ ചിറയിൻകീഴ്, മൈനാഗപ്പള്ളി ബോക്സ്, വടുതല, കാവൽക്കിണർ, പനമ്പള്ളി, കൊല്ലം കല്ലുംതാഴം, നാലു കോടി.
സബ് വേകൾ-കരുവാറ്റ വീയപുരം, കരുവാറ്റ തെക്ക്, ചെറുതന ഹരിപ്പാട്, ദനപ്പാടി ഹരിപ്പാട്, മുട്ടമ്പലം കോട്ടയം, കറുകുറ്റി അങ്കമാലി, പടിഞ്ഞാറേകല്ലട കാരാളിമുക്ക്. തിരുവനന്തപുരം ഡിവിഷന് കീഴിൽ ഉദ്ഘാടനം നടക്കുന്ന വിവിധ സ്റ്റേഷനുകളിൽ ഇന്ന് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. ചരിത്രപരമായ ചടങ്ങ് എന്നാണ് ഈ ഉദ്ഘാടനങ്ങളെ റെയിൽവേ വിശേഷിപ്പിച്ചിട്ടുള്ളത്.
എസ്.ആർ. സുധീർ കുമാർ