കൊല്ലം: ലെവല്‍ ക്രോസ് ഗേറ്റുകളിൽ വാഹനങ്ങള്‍ ഇടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർശന മുന്നറിയിപ്പുമായി റെയില്‍വേ. അപകട മുന്നറിയിപ്പ് അവഗണിച്ച് ലെവല്‍ ക്രോസ് ഗേറ്റുകള്‍ തകര്‍ക്കുന്ന സംഭവങ്ങളിൽ ഇനി മുതൽ കടുത്ത നടപടികൾ എടുക്കുമെന്നാണ് മുന്നറിയിപ്പ്.
ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ റെയിൽവേ ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും, കൂടാതെ ഗേറ്റുകളുടെ അറ്റകുറ്റപ്പണികൾക്ക് ചെലവാകുന്ന തുകയും ഇവരില്‍ നിന്ന് ഈടാക്കും.ഗേറ്റുകളിലെ അപകടങ്ങളില്‍ റെയില്‍വേ നിയമം 154, 160 എന്നിവ പ്രകാരം രണ്ട് വകുപ്പുകളിലാണു കേസെടുക്കുന്നത്.
ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് എതിരേയുള്ള 154-ാം വകുപ്പ് അനുസരിച്ചു കേസെടുത്താല്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കും. ലെവല്‍ ക്രോസിംഗിൽ അതിക്രമിച്ചു കടക്കുന്നവരെ തടയുന്നതാണ് 160-ാം വകുപ്പ്. മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുന്ന റെയില്‍വേ ഗേറ്റ് തകര്‍ത്താല്‍ അഞ്ച് വര്‍ഷം വരെ തടവു ലഭിക്കും.
മുന്നറിയിപ്പ് ബോര്‍ഡുകളും ഹംബുകളും ഒരുക്കിയിട്ടുണ്ടെങ്കിലും ലെവല്‍ ക്രോസുകളിലേക്ക് വാഹനങ്ങൾ അമിത വേഗതയിലെത്തുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഗേറ്റുകള്‍ അടയ്ക്കുന്ന സമയത്തെ വാഹനങ്ങളുടെ തള്ളിക്കയറ്റവും അപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.
കൊല്ലം-പുനലൂര്‍ റെയില്‍ പാതയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നു അപകടങ്ങളാണ് ഉണ്ടായത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഗേറ്റിലാണ് ഒരു മാസത്തിനിടെ രണ്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ നാലിനായിരുന്നു ആദ്യത്തെ അപകടം. കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ ഏഴിന് ഉച്ചയ്ക്കായിരുന്നു അടുത്ത അപകടം നടന്നത്. ടോറസ് ട്രക്ക് ഗേറ്റിലിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) ഏറെ നേരം വൈകി. കിളികൊല്ലൂരിനും കുണ്ടറ റെയില്‍വേ സ്റ്റേഷനുമിടയിലുള്ള റെയില്‍വേ ഗേറ്റില്‍ കഴിഞ്ഞ ഒന്നിന് ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ഇത് കാരണം തിരുവനന്തപുരം വഴിയുള്ള മധുര – പുനലൂര്‍ എക്സ്പ്രസ് (16729) ഒന്നര മണിക്കൂറോളം വൈകി.ആവണീശ്വരത്തെ അപകടത്തില്‍ 84,488 രൂപയും കുണ്ടറയില്‍ 35,233 രൂപയും അപകടമുണ്ടാക്കിയവരില്നിന്ന് റെയില്‍വേ ഈടാക്കി. ഈ മേഖലയിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.