വന്ദേഭാരത് ട്രെയിനിലെ ശൗചാലയത്തില് കയറി വാതിലടച്ചിരുന്ന യുവാവ് റെയില്വേയ്ക്ക് ഉണ്ടാക്കിയത് ഒരു ലക്ഷം രൂപയുടെ നഷ്ടം.
വാതില് പൊളിച്ച് യുവാവിനെ പുറത്തെത്തിച്ചതിലൂടെയാണ് ഒരു ലക്ഷത്തിന്റെ നഷ്ടമുണ്ടായതെന്ന് റെയില്വേ വ്യക്തമാക്കുന്നത്.
യുവാവിനെ ആര്.പി.എഫ്. ചോദ്യംചെയ്തു. ഇയാള്ക്ക് മാനസിക പ്രശ്നങ്ങള് ഉണ്ടെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര് പറഞ്ഞു.
മെറ്റല് ലെയറുകളുള്ള ഫാബ്രിക്കേറ്റഡ് ലോക്ക് തകര്ത്താണ് യുവാവിനെ പുറത്തെത്തിച്ചത്. സെന്സറില് പ്രവര്ത്തിക്കുന്ന പൂട്ടാണ് വാതിലിന് ഉള്ളത്.
യുവാവ് തന്റെ ടി ഷര്ട്ട് ഉപയോഗിച്ച് സെന്സര്വരുന്ന ഭാഗത്തിനു മുകളില്ക്കൂടി വാതില് കൂട്ടിക്കെട്ടിയിരുന്നതിനാല് സെന്സര് പ്രവര്ത്തിച്ചില്ല.
ഇതോടെയാണ് വാതില് കുത്തിപ്പൊളിക്കേണ്ടിവന്നത്. ഇതിനായെത്തിയ സാങ്കേതിക ഉദ്യോഗസ്ഥര്ക്ക് ഷിഫ്റ്റ് അലവന്സായി അമ്പതിനായിരത്തോളം രൂപ അനുവദിക്കേണ്ടിവരും. ഇതിനും കുത്തിപ്പൊളിച്ച വാതിലിനുമായാണ് ഒരുലക്ഷം രൂപ റെയില്വേയ്ക്ക് ചെലവാകുന്നത്.
കാസര്കോട്ടുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലെ (20633) ശൗചാലയത്തിലാണ് ഉപ്പള മംഗല്പ്പാടി കല്യാണിനിലയത്തില് ചരണ് (27) ഒളിച്ചിരുന്നത്.
261 കിലോമീറ്റര് പിന്നിട്ടശേഷം വൈകീട്ട് ഷൊര്ണൂര് റെയില്വേ സ്റ്റേഷനില് വണ്ടിയെത്തിയപ്പോള് വാതിലിന്റെ പൂട്ടുപൊളിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇ-വണ് ക്ലാസിലെ ശൗചാലയത്തിലാണ് യുവാവ് വാതില് പൂട്ടിയത്. കാസര്കോട് ഉച്ചയ്ക്ക് ഒന്നിനെത്തിയ വണ്ടിക്കുള്ളിലെ ശുചീകരണം കഴിഞ്ഞ് മെക്കാനിക്കല് സൂപ്പര്വൈസര്മാര് കോച്ച് പരിശോധിക്കുമ്പോഴാണ് സംഭവം ശ്രദ്ധയില്പ്പെട്ടത്.
ഇറങ്ങാന് പറഞ്ഞെങ്കിലും യുവാവ് കൂട്ടാക്കിയില്ല. ശൗചാലയത്തിന്റെ വാതില് തുറക്കാനുള്ള ആര്.പി.എഫിന്റെ ശ്രമം വിജയിച്ചില്ല.
രണ്ട് ആര്.പി.എഫ്. ഉദ്യോഗസ്ഥര് ശൗചാലയത്തിന് കാവല്നിന്നു. കണ്ണൂരിലെത്തിയപ്പോഴും പോലീസും മെക്കാനിക്കല് ജീവനക്കാരും ശ്രമിച്ചിട്ടും വാതില് തുറന്നില്ല.
ഇതിനിടയില് ആര്.പി.എഫ്. ഉദ്യോഗസ്ഥര് യുവാവിനോട് സംസാരിച്ചു. പുറത്തിറങ്ങിയാല് ചിലര് ആക്രമിക്കും എന്നൊക്കെയാണ് യുവാവ് പറഞ്ഞത്.
കോഴിക്കോട്ട് ഇറങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്, വണ്ടി 4.28-ന് കോഴിക്കോട്ടെത്തിയിട്ടും ആള് ഇറങ്ങിയില്ല.
വൈകീട്ട് 5.27ന് ഷൊര്ണൂരില് എത്തിയപ്പോള് എന്ജിനിയറിങ് വിഭാഗം പൂട്ടുപൊട്ടിച്ച് വാതില്ത്തുറന്ന് യുവാവിനെ പുറത്തിറക്കുകയായിരുന്നു.