എസ്.ആർ. സുധീർ കുമാർ
കൊല്ലം: ദക്ഷിണ റെയിൽവേയിൽ യാത്രക്കാരുടെ പരാതികൾക്ക് അതിവേഗപരിഹാരം കാണുന്നതിന് ഏർപ്പെടുത്തിയ റെയിൽ മദദ് മൊബൈൽ ആപ്ലിക്കേഷനു മികച്ച പ്രതികരണം.
ആപ്ലിക്കേഷൻ വഴി യാത്രക്കാർ പരാതികൾ രജിസ്റ്റർ ചെയ്താൽ എട്ട് മിനിട്ടുകൾക്കുള്ളിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ആദ്യ പ്രതികരണം ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുകാരണം റെയിൽ മദദിന് ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കഴിഞ്ഞ മാസം (2023 ഒക്ടോബർ) ഇതുവഴി ലഭിച്ച 14,826 പരാതികൾക്ക് അധികൃതർ അതിവേഗം പരിഹാരം കാണുകയുണ്ടായി. മാത്രമല്ല 2023-24 സാമ്പത്തിക വർഷം 80,902 പരാതികളും പരിഹരിച്ചു. ന്യായമായ പരാതികൾ സമയ ബന്ധിതമായി തീർപ്പാക്കി യാത്രക്കാരുടെ വിശ്വാസം ആർജിക്കുക എന്നതാണ് റെയിൽവേ ഈ ആപ്പ് വഴി ലക്ഷ്യമിടുന്നത്.
ഈ മൊബൈൽ ആപ്പിലേയ്ക്ക് എസ്എംഎസ്, ഇ-മെയിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 139 എന്ന ഹെൽപ്പ് ലൈൻ നമ്പർ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവ വഴി യാത്രക്കാർക്ക് പരാതികൾ സമർപ്പിക്കാം. കഴിഞ്ഞ മാസം ലഭിച്ച പരാതികളിൽ 51 ശതമാനവും 139 എന്ന ഹെൽപ്പ് ലൈൻ വഴിയായിരുന്നു. വെബ് സൈറ്റ് വഴി 25 ശതമാനം പരാതികളും കിട്ടി.
റെയിൽ മദദ് ആപ്പിൽ നേരിട്ട് 19 ശതമാനവും സോഷ്യൽ മീഡിയ വഴി 4.5 ശതമാനവും ലഭിച്ചു. ബാക്കി പരാതികൾ എസ്എംഎസ്, ഇ-മെയിൽ തുടങ്ങിയവ വഴിയുമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ സാമ്പത്തിക വർഷം ഈ മാസം ഒമ്പത് വരെ 80,915 പരാതികളാണ് ലഭിച്ചത്. ഇതിൽ 80,902 എണ്ണത്തിനും പരിഹാരം കണ്ടു. ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിൽ ഇത് ആദ്യമാണ്. 99.98 ആണ് പരാതി തീർപ്പാക്കൽ ശതമാനം. ഈ പരാതികളിലെല്ലാം ആദ്യ പ്രതികരണത്തിനു വേണ്ടി വന്നത് ശരാശരി പത്ത് മിനിട്ടാണ്. കഴിഞ്ഞ മാസം ലഭിച്ച 14,826 പരാതികളിൽ പരിഹാരം കാണുന്നതിന് വേണ്ടി വന്നത് ശരാശരി 36 മിനിട്ടാണന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ലഭിക്കുന്ന പരാതികളിൽ മെഡിക്കൽ എമർജൻസി, സുരക്ഷാ അഭ്യർഥന എന്നിവയ്ക്കാണു മുന്തിയ പരിഗണന നൽകുന്നത്. ഇത്തരം പരാതികളിൽ ഫസ്റ്റ് റെസ്പോൺസ് എട്ട് മിനിട്ടുകൾക്കുള്ളിൽ തീർച്ചയായും ഉണ്ടാകും. കൺട്രോൾ ഓഫീസിൽ പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് അനുസരിച്ചുള്ള സമയം മുതലാണ് പരിഹാരത്തിനുള്ള സമയം കണക്കാക്കുന്നത്.
ഇന്റഗ്രേറ്റഡ് കോച്ചിംഗ് മാനേജിംഗ് സിസ്റ്റം, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർമാരുടെ ലോബി തുടങ്ങിയ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് റെയിൽ മദദ് ആപ്പിന്റെ പ്രവർത്തനം. ഇതുവഴി പരാതി നൽകുന്ന യാത്രക്കാരൻ സഞ്ചരിക്കുന്ന വണ്ടിയുടെ ലൊക്കേഷൻ നിമിഷങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കും. മാത്രമല്ല കോച്ചുകളിലെ ടിടിഇമാരുമായി ആശയവിനിമയവും വേഗം സാധ്യമാകുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി.