ശാസ്താംകോട്ട: ആറ് റെയിൽവേ ഗേറ്റുകൾ കൊണ്ട് പൊറുതിമുട്ടിയ മൈനാഗപ്പള്ളിക്കാർ റെയിൽവേ മേൽപ്പാലത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. കേരളത്തിലെ 27 സ്ഥലങ്ങളിൽ മേൽപ്പാലം നിർമ്മിക്കാൻ കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷന്റെ അന്തിമ അനുമതി ആയതിൽ ഇത്തവണയും മൈനാഗപ്പള്ളിയെ പരിഗണിച്ചില്ല.
പ്രസിദ്ധീകരിച്ച പട്ടികയിൽ കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ ഒരു റെയിൽവേ മേൽപ്പാലത്തിന് അനുമതി നൽകിയിരുന്നങ്കിലും അത് കരുനാഗപ്പള്ളിക്ക് സമീപം മാളിയേക്കൽ മേൽപ്പാല നിർമ്മാണത്തിനാണ് ലഭിച്ചിരിക്കുന്നത്.പ്രധാന പാതയായകരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ യാത്ര ചെയ്യുന്നവർക്ക് മൈനാഗപ്പള്ളി ഗേറ്റും കരുനാഗപ്പള്ളി മാളിയേക്കൽ ഗേറ്റും കടന്ന് വേണം യാത്ര ചെയ്യേണ്ടത്.പ്രതിദിനം 150 ഓളം ട്രെയിനുകൾ സർവ്വീസുള്ളതിനാൽ ഒട്ടുമിക്ക നേരങ്ങളിലും ഈ ഗേറ്റുകൾ അടഞ്ഞ് കിടക്കും.
അര മണിക്കൂർ വരെ ചില അവസരങ്ങളിൽ ഗേറ്റ് അടഞ്ഞുകിടക്കുമെന്നതിനാൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാറില്ല. അത്യാഹിതങ്ങളിൽപ്പെട്ട് വരുന്ന രോഗികൾക്ക് മുന്നിൽ ഗേറ്റ് തുറക്കാൻ കഴിയാത്തതിനാൽ മരണം സംഭവിച്ച സംഭവങ്ങൾ നിരവധിയാണ്.
ഇതിനെ തുടർന്നാണ് മൈനാഗപ്പള്ളിയിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷേപം തുടങ്ങിയത്.ഇതിൻ്റെ അടിസ്ഥാനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെടീൽ മൂലം 2012 മാർച്ചിൽ മൈനാഗപ്പള്ളിയിൽ മേൽപ്പാലത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു.ഇത് ഡിപ്പോസിറ്റ് വർക്കാണ്. ചെലവിൻ്റെ മുന്നിലൊന്ന് സംസ്ഥാന സർക്കാർ വഹിക്കണം.
മരാമത്ത് വകുപ്പ് അടങ്കൽ എടുത്ത് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം നേടി പണം കെട്ടി വയ്ക്കുമ്പോൾ മാത്രമേ ജോലി റെയിൽവേ ടെൻഡർ ചെയ്യുകയുള്ളു. ഇതിന്റെ നടപടികളിൽ നിന്നാണ് മൈനാഗപ്പള്ളിയെ ഒഴിവാക്കിയിരിക്കുന്നത്. ഓരോ സംസ്ഥാന ബഡ്ജറ്റിലും മൈനാഗപ്പള്ളി മേൽപ്പാലത്തിന് തുക അനുവദിക്കുമെന്ന് സ്ഥലം എം എൽ എ ആയ കോവൂർ കുഞ്ഞുമോൻ അവകാശപ്പെടുണ്ടങ്കിലും അതും നടപ്പിലായിട്ടില്ല.
ഓരോ തെരഞ്ഞെടുപ്പ് വേളകളിലും മൈനാഗപ്പള്ളിയിലെ മേൽപ്പാലം കുന്നത്തൂരിൽ ചർച്ചാ വിഷയമാകാറുണ്ടങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇതെല്ലാം വിസ്മരിക്കപ്പെടുകയും ചെയ്യും.