ആലുവ: അനുദിനം വർധിക്കുന്ന യാത്രക്കാരെയും വാഹനങ്ങളെയും കൊണ്ട് വീർപ്പുമുട്ടുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ ഇരുഭാഗത്തുമായി ബഹുനില പാർക്കിംഗ് കെട്ടിടവും പുതിയ പാർക്കിംഗ് ഗ്രൗണ്ടും ഒരുങ്ങുന്നു. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്താണു പുതിയ റെയിൽവേ ടിക്കറ്റ് കൗണ്ടറും അതിനോടു ചേർന്ന് ബഹുനില പാർക്കിംഗ് കെട്ടിടവും ഉയരുക.
അതേസമയം ട്രാക്കുകൾക്ക് അപ്പുറം പടിഞ്ഞാറുള്ള എസ്എൻഡിപി സ്കൂളിനോട് ചേർന്നാണ് ഇരുചക്ര വാഹനങ്ങളുടെ പുതിയ പാർക്കിംഗ് ഗ്രൗണ്ട് നിർമിക്കുന്നത്. പുതിയ പ്രവേശന കവാടവും ഉണ്ടാകും.3.2 കോടി രൂപയാണ് ഇതിനായി റെയിൽവേ പദ്ധതി തുകയായി പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്ത് നിർമിക്കുന്ന ബഹുനില പാർക്കിംഗ് കെട്ടിടത്തിൽ 50 കാറുകൾക്കും 200 ഇരുചക്രവാഹങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാനാകും. മറുഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ 300 ഇരുചക്രവാഹങ്ങൾക്കും പാർക്കിംഗ് അനുവദിക്കാനാകും. നിലവിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ 50 കാറുകൾക്കും 200 ഇരുചക്ര വാഹങ്ങൾക്കും മാത്രമേ രണ്ടിടത്തായി പാർക്ക് ചെയ്യാനാകൂ.
അതിനിടയിൽ റെയിൽവേ യാത്രക്കാരുടേയും നഗരവാസികളുടേയും ചിരകാല സ്വപ്നമായ പടിഞ്ഞാറൻ കവാടം എന്ന പദ്ധതിയ്ക്ക് ജനപ്രതിനിധികളുടെ ഫണ്ടാണ് റെയിൽവേ ആവശ്യപ്പെടുന്നത്. കവാടത്തോടൊപ്പം പാർക്കിംഗ് ഗ്രൗണ്ടിൽ 300 ഇരുചക്രവാഹങ്ങൾക്കുള്ള സ്ഥലവും വിട്ടുനൽകും. റെയിൽവേ ക്വാർട്ടേർസുകളും വിവിധ ഓഫീസ് കെട്ടിടങ്ങളും ഉണ്ടായിരുന്ന സ്ഥലമാണിത്.
ഈ മേഖല വികസിച്ചാൽ എസ്എൻഡിപി സ്കൂൾ, സെന്റ് സേവ്യേഴ്സ് കോളജ്, സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പാളങ്ങൾ മുറിയ്ക്കാതെ നഗരത്തിലേക്ക് എത്താനും സഹായകരമാകും.ദിവസേന 10,000 യാത്രക്കാരാണ് ആലുവ റെയിവേ സ്റ്റേഷനിൽ വന്നുപോകുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെയാണ് യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ ഈ വർധനവ് ഉണ്ടായത്. ദിനംപ്രതി ഒരുലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ആലുവയിൽ ദീർഘദൂര റിസർവേഷനിലൂടെ അഞ്ചിരട്ടിയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.
പക്ഷെ 5.2 ലക്ഷമായി വരുമാനം വർധിച്ചിട്ടും വികസനവും സൗകര്യങ്ങളും നടപ്പാക്കുന്നതിൽ റെയിൽവേ മന്ദഗതിയിലാണ്. പ്ലാറ്റ്ഫോമിൽ പലയിടത്തും വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ ട്രെയിൻ കയറുന്നത്. എസ്കലേറ്റർ പെട്ടെന്ന് ആരുടെയും നോട്ടമെത്താത്ത സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. സ്റ്റേഷനിൽ ഈ അടുത്തകാലത്താണ് കാന്റീൻ ആരംഭിച്ചതെന്നും നാട്ടുകാർ പറയുന്നു.