ട്രെയിനില്‍ യുവതിയെ ശല്യംചെയ്തതിനെത്തുടര്ന്നു പിടിയിലായ ഇതരസംസ്ഥാനക്കാരന് വലിച്ചെറിഞ്ഞ പൊതിയില്‍ 25 പവന് സ്വര്‍ണം. ആര്.പി.എഫ്. കസ്റ്റഡിയിലെടുത്ത ഗുജറാത്ത് സ്വദേശി മുകേഷി (45)നെ വിശദമായി ചോദ്യംചെയ്യുന്നതിന് എറണാകുളം റെയില്‍വേ പോലീസിനു കൈമാറി. രണ്ടു കൂട്ടാളികള്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടിന് എറണാകുളത്തുനിന്നു നിലമ്പൂരിലേക്കു പോയ പാസഞ്ചര്‍ ട്രെയിനിലാണു സംഭവം. എറണാകുളം സ്വദേശിനിയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സുമായ യുവതിയോടാണ് യാത്രയ്ക്കിടെ പ്രതി മോശമായി പെരുമാറിയത്. യുവതി കരയുന്നതു ശ്രദ്ധയില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരനും ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അരുണ്‍ വിജയന് വിവരം ആലുവ ആര്.പി.എഫ്. സംഘത്തിനു കൈമാറുകയായിരുന്നു. ഇതിനിടെ പ്രതിയുടെ രണ്ടു കൂട്ടാളികള്‍ വേറെ കമ്പാര്‍ട്ടുമെന്റിലേക്കു ‘മുങ്ങി’.
ട്രെയിന്‍ ആലുവ സ്റ്റേഷനിലെത്തിയപ്പോള്‍ ആര്.പി.എഫ്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ആലുവ പ്ലാറ്റ്ഫോമില്‍ ഇറങ്ങിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രതിയുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക്ക് പൊതി ട്രെയിനില്‍ കൂടെയുണ്ടായിരുന്നവരിലേക്കു വലിച്ചെറിഞ്ഞെങ്കിലും എതിര്‍വശത്തെ വാതില്‍ വഴി പുറത്തേക്കുവീണു. ഇതിനിടെ ട്രെയിന്‍ മുന്നോട്ടെടുത്തു. ട്രെയിന്‍ കടന്നുപോയശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളാണെന്നു വ്യക്തമായത്. ചിലതു മുക്കുപണ്ടമാണെന്നും സംശയമുണ്ട്. യാത്രക്കാരുടെ ആരുടെയെങ്കിലും സ്വര്‍ണം മോഷ്ടിച്ചതാകാനാണ് സാധ്യത. പരസ്പരവിരുദ്ധമായാണു പ്രതി സംസാരിക്കുന്നത്. കൂടെയുണ്ടായിരുന്നയാളുടെ ഭാര്യയുടെ സ്വര്‍ണമാണെന്ന് ആദ്യം പറഞ്ഞ പ്രതി പിന്നീട് ട്രെയിനിലെ ബാത്ത്റൂമില്‍നിന്നു ലഭിച്ചതാണെന്നു മാറ്റിപ്പറഞ്ഞു. ആഭരണങ്ങളില്‍ ചിലതു പൊട്ടിച്ചെടുത്ത അവസ്ഥയിലാണ്.
കൂട്ടത്തിലുണ്ടായിരുന്ന താലിമാല ബ്രാഹ്മണ വിഭാഗക്കാര്‍ ഉപയോഗിക്കുന്നതാണെന്നു പറയുന്നു. പ്രതിയുടെ പോക്കറ്റില്‍നിന്നു പതിനായിരത്തോളം രൂപ, തിരുവല്ല, കൊച്ചി എന്നിവിടങ്ങളില്‍നിന്നുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. അങ്കമാലി, ചാലക്കുടി പോലീസ് സ്റ്റേഷനുകളിലും കൂട്ടാളികളെ പിടികൂടാന്‍ ആര്.പി.എഫിനു വിവരം കൈമാറിയെങ്കിലും ഇവിടെയിറങ്ങിയില്ല. ആര്.പി.എഫ് സാന്നിധ്യമില്ലാത്ത ചൊവ്വര, കൊരട്ടി സ്റ്റേഷനുകളില്‍ ഇറങ്ങി രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത.