കൊല്ലം: അക്രമികളെ നേരിടാൻ തോക്കിനും ലാത്തിക്കും പുറമേ മുളക് സ്പ്രേയും ഉപയോഗിക്കാൻ റെയിൽവേ സംരക്ഷണ സേനയെ സജ്ജമാക്കുന്നു. തുടക്കത്തിൽ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്കായിരിക്കും ആയുധമായി മുളക് സ്പ്രേ കാനുകൾ ലഭിക്കുക.
വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തെ വേഗത്തിൽ നേരിടാൻ വേണ്ടിയാണ് ആർപിഎഫിലെ വനിതകൾക്ക് ഇത്തരമൊരു ഉപകരണം ഡ്യൂട്ടി സമയത്ത് ഉപയോഗിക്കാനായി നൽകുന്നത്. മാരകമല്ലെങ്കിലും ഫലപ്രദമായ ഈ ഉപകരണം അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോഗിക്കാൻ കഴിയും എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ഒറ്റയ്ക്കും കുട്ടികൾക്ക് ഒപ്പവും യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരേ ട്രെയിനുകളിൽ വ്യാപകമായ അതിക്രമം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം രാജ്യത്താകമാനം ഏർപ്പെടുത്താൻ ആർപിഎഫ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഒരു അധിക സുരക്ഷാ തലം ലഭിക്കും.
പെട്ടെന്നുണ്ടാകുന്ന ഭീഷണികൾ തടയാനും പീഡന സംഭവങ്ങളോട് ഞൊടിയിടയിൽ പ്രതികരിക്കാനും അടിയന്തിര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ഒറ്റപ്പെട്ട സ്റ്റേഷനുകൾ, ഓടുന്ന ട്രെയിനുകൾ, വിജനമായ റെയിൽവേ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ മുളക് സ്പ്രേ കാനുകൾ നൽകുക.
അതിന് മുമ്പ് ഇവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വനിതാ ആർപിഎഫ് കോൺസ്റ്റബിൾമാർക്ക് പരിശീലനവും നൽകുംസ്ത്രീകൾക്കായി പൊതു ഇടങ്ങൾ സുരക്ഷിതമാക്കുക എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ആർപിഎഫ് ഈ നൂതന ആശയം നടപ്പിൽ വരുത്തുന്നത്.
ഇതുവഴി സ്ത്രീകൾക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കാനും കഴിയും. മുളക് സ്പ്രേ കാനുകൾ ആയുധമായി നൽകുന്നതിലൂടെ വനിതാ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസവും പ്രവർത്തന ശേഷിയും വർധിക്കുമെന്നാണ് കൂട്ടൽ.
സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുന്നതിനായി ആർപിഎഫിൽ വനിതാ ഉദ്യോഗസ്ഥരുടെ പ്രത്യേക വിംഗ് നിലവിൽ രാജ്യത്ത് എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സായുധ സേനകളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ സ്ത്രീ ഉദ്യോഗസ്ഥ അനുപാതം ഉള്ളതും റെയിൽവേ സംരക്ഷണ സേനയിലാണ്.
- എസ്.ആർ. സുധീർ കുമാർ