സ്വന്തം ലേഖകൻ
തൃശൂർ: ട്രെയിൻ യാത്രികർക്കു കൂടുതൽ സുരക്ഷയൊരുക്കാനും, ട്രെയിൻ വഴിയുള്ള കള്ളക്കടത്തു തടയാനും ലക്ഷ്യമിട്ട് റെയിൽവേ പോലീസ് പ്രവർത്തനമേഖല കൂടുതൽ സജീവമാകുന്നു. റെയിൽവേ പോലീസിന്റെ കീഴിൽ പുതുതായി ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻ വിഭാഗം ആരംഭിക്കാനാണ് നീക്കം. ഒരു എസ്പിയുടെ കീഴിലായിരിക്കും ഈ വിഭാഗം. ഈ വിഭാഗം ആരംഭിക്കണമെന്നു സർക്കാരിനു മുന്പിൽ ഡിജിപി ശിപാർശ സമർപ്പിച്ചുകഴിഞ്ഞു.
ഇതോടൊപ്പം നിലവിൽ റെയിൽവേ പോലീസിലെ ഉന്നത തസ്തികയായ എസ്പി തസ്തിക, ഐജി തസ്തികയാക്കി ഉയർത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്ത്രീകളുൾപ്പടെയുള്ള ട്രെയിൻ യാത്രക്കാർക്കു സുരക്ഷിതത്വം ഒരുക്കുകയെന്നതാണ് ഇത്തരമൊരു വിഭാഗം ആരംഭിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കൂടാതെ അടുത്ത കാലത്തായി ട്രെയിൻ വഴി വർധിച്ചുവരുന്ന തീവ്രവാദം, ബോംബ് ഭീഷണി, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കള്ളക്കടത്ത്, ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങൾ, റെയിൽവേ പരിസരത്തുണ്ടാകുന്ന മോഷണവും അക്രമങ്ങളും, മറ്റു ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ നേരിടുന്നതിനും റെയിൽവേ പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അതിനാൽ പുതിയ തസ്തികകൾ അനിവാര്യമാണെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽനിന്നുള്ള ഭീഷണികളുടേയും അട്ടിമറിശ്രമങ്ങളുടേയും പശ്ചാത്തലത്തിൽ റെയിൽവേ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഡിജിപി സർക്കാരിനു സമർപ്പിച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേയ്ക്കായി പ്രത്യേക ഡോഗ് സ്ക്വാഡ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
റെയിൽവേ കണ്ട്രോൾ റൂമിന്റെ ആധുനികവത്കരണം, റെയിൽവേ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സകൗര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നുവരുന്നതായി റെയിൽവേ എസ്പി മെറിൻ ജോസഫ് പറഞ്ഞു.
കേരളത്തിലെ റെയിൽവേ സുരക്ഷ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് റെയിൽവേ പ്രൊട്ടക്ഷൻ സേനയും കേരള പോലീസിന്റെ ഭാഗമായ ഗവ.റെയിൽവേ പോലീസുമാണ്.
യാത്രക്കാരുടെ സുരക്ഷ, സ്റ്റേഷനുകളിലെ ക്രമസമാധാനപാലനം എന്നിവയാണ് കേരള റെയിൽവേ പോലീസിന്റെ മുഖ്യചുമതലകൾ. ഇന്റലിജൻസ് എഡിജിപിയുടെ മേൽനോട്ടത്തിൽ റെയിൽവേ എസ്പിക്കാണ് ഇപ്പോൾ ഈ വിഭാഗത്തിന്റെ ചുമതല.രണ്ടു റെയിൽവേ സബ് ഡിവിഷനുകളിലായി നാലു സർക്കിളും 13 റെയിൽവേ പോലീസ് സ്റ്റേഷനുകളുമായാണ് റെയിൽവേ പോലീസിന്റെ പ്രവർത്തനം.
1027 കിലോമീറ്റർ ദൂരം കേരള റെയിൽവേ പോലീസിന്റെ അധികാര പരിധിയിൽ വരുന്നതാണ്. ദിവസേന 280ലേറെ ട്രെയിനുകളിലായി ഏകദേശം അഞ്ചുലക്ഷം യാത്രക്കാർ റെയിൽവേ പോലീസിന്റ സേവനം പ്രയോജനപ്പെടുത്തുന്നുവെന്നാണ് കണക്ക്.