കൊല്ലം റയില്‍വേയുടെ കേരളത്തിലെ ആദ്യത്തെ വിവിധ വൈവിദ്യ പരിശീലന കേന്ദ്രം കൊല്ലത്ത് സ്ഥാപിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. അറിയിച്ചു. തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വേ മാനേജരും ഉന്നത ഉദ്യോഗസ്ഥരുമായുളള യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്. ദക്ഷിണ റയില്‍വേയില്‍ ഇപ്പോള്‍ നിലവിലുളള ഏക പരിശീലന കേന്ദ്രം ത്രിച്ചിയിലാണ്.
കൊല്ലം റയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പദ്ധതി ചുമതലയുളള ഇന്ത്യന്‍ റയില്‍വേ സ്റ്റേഷന് ഡവല്പമെന്റ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറുമായി ഡല്‍ഹിയില്‍ യോഗം ചേരുവാനും സ്ഥല പരിശോധന നടത്തുവാനും യോഗത്തില്‍ ധാരണയായി.
കൊല്ലം റയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. നിര്‍മ്മാണ പ്രവര്‍ത്തിയുടെ കരാറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് കാലതാമസം നേരിട്ട ഫൂട്ഓവര്‍ ബ്രിഡ്ജ്, ലിഫ്റ്റ്, എക്സ്കലേറ്റര്‍ എന്നിവയുടെ നിര്‍മ്മാണം ഏപ്രിലില്‍ പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യാന്‍ തീരുമാനിച്ചു.
പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ കാര്യക്ഷമതയും കൂടുതല്‍ യാത്രാസൗകര്യവുമുളള മെമ്മു സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ 16 കാറുകളുളള മെമ്മു ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നതിന് പര്യാപ്തമായ വിധം പിറ്റ് ലൈനുകള്‍ നിര്‍മ്മിക്കുന്നതിനുളള നിര്‍ദ്ദേശം സമര്‍പ്പിക്കും.
മയ്യനാട് റയില്‍വേ പ്ലാറ്റ്ഫോം ഉയര്‍ത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കുന്നതിനായി ക്രമീകരിക്കും. തിരുവനന്തപുരത്ത് നിന്നും രാവിലെ 8.30 ന് കൊല്ലത്തേക്ക് പാസഞ്ചര്‍ തീവണ്ടി ഓടിക്കുമെന്നും രാവിലെ പത്തിനുമുമ്പായി ട്രെയിന്‍ കൊല്ലത്ത് എത്തിചേരുന്ന വിധം സമയം ക്രമീകരിക്കും.
പെരിനാട് അടിപ്പാതയുടെ ഉദ്ഘാടനം ഏപ്രില്‍ മാസം നടത്തുന്നവിധം നിര്‍മ്മാണം ഊര്‍ജ്ജിതപ്പെടുത്തും. ഇരവിപുരം റയില്‍വേ സ്റ്റേഷന് ഹാള്‍ട്ട് സ്റ്റേഷന് എന്ന പദവിയില്‍ നിന്നും ഉയര്‍ത്തി പൂര്‍ണ്ണ തോതിലുളള ഓപ്പറേഷണല്‍ സ്റ്റേഷനായി മാറ്റും. പരവൂര്‍ ഒല്ലാല്‍ റയില്വേപാലം നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പാക്കും.
കാവല്‍പ്പുര, പോളയത്തോട്, എസ്.എന്‍. കോളേജ് എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളുടെ രൂപകല്‍പ്പന പുരോഗമിച്ചു വരികയാണ്. ജനറല്‍ അലൈന്റമെന്റും ഡ്രോയിംഗും അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. കൊല്ലം ഗുഡ്സ് യാര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു.
യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി, ഡിവിഷണല്‍ റയില്‍വേ മാനേജര്‍ എസ്.കെ. സിന്‍ഹ, സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ രാജേഷ്, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ കാര്‍ത്തിക്ക് തുടങ്ങിവര്‍ പങ്കെടുത്തു.