ഗാന്ധിനഗർ: കഴിഞ്ഞ വെള്ളിയാഴ്ച റെയിൽവേ പോലീസ് എസ്ഐ വൈകുന്നേരം ആറിന് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം സുഹൃത്തിന്റെ വാഹനത്തിലിരുന്നു മദ്യപിക്കുകയായിരുന്നു.
വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ ബിയർ ബോട്ടിൽ താഴെ വീണ് പൊട്ടി. ഈ ശബ്ദം കേട്ട് ആളുകൾ ചുറ്റും കൂടുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തു.
ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പെട്രോളിംഗ് വാഹനം വരുന്നതുകണ്ട് ഇവർ ഉടനെ വാഹനമെടുത്ത് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോയി. കൂടിനിന്ന ആളുകൾ വാഹനത്തിലുണ്ടായിരുന്ന ഈസ്റ്റ് എസ്ഐയോട് വിവരം പറഞ്ഞു.
തുടർന്ന് പെട്രോളിംഗ് സംഘം വാഹനത്തിന്റെ പിന്നാലെ പോയി തടഞ്ഞു പരിശോധിച്ചു. താൻ റെയിൽവേ പോലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്നു പറഞ്ഞതോടെ ഈസ്റ്റ് എസ്ഐ ഇയാളുടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ റെയിൽവേ പോലീസ് എസ്ഐ വാക്ക് തർക്കമുണ്ടാക്കി. തുടർന്ന് ഈസ്റ്റ് എസ്ഐ ഇയാളുടെ തിരിച്ചറിയാൽ കാർഡ് വാങ്ങിക്കൊണ്ടു പോവുകയും പിറ്റേ ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. റെയിൽവേ എസ് ഐ പതിവായി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കാറുണ്ടത്രേ.