ബെൽഗ്രേഡ്: സെർബിയയിലെ നൊവി സാഡ് നഗരത്തിലെ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണു 14 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി ഇവിക ഡസിക് അറിയിച്ചു. കുറ്റക്കാർക്കെതിരേ കടുത്ത ശിക്ഷ നൽകുമെന്ന് പ്രസിഡന്റ് അലക്സാണ്ടർ വുസിക് വ്യക്തമാക്കി.
1964ലാണ് കെട്ടിടത്തിന്റെ മേൽക്കൂര നിർമിച്ചത്. അടുത്തിടെ നവീകരണപ്രവൃത്തികൾ നടത്തിയിരുന്നു.എന്നാൽ തകർന്നുവീണത് പഴയ ഭാഗങ്ങളാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, നവീകരണപ്രവൃത്തികളിൽ സംഭവിച്ച തകരാറാണു കെട്ടിടം തകർന്നുവീഴാൻ കാരണമെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.