കൊല്ലം: പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡിന്റെ അടിയന്തര നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്ക് ലഭിച്ച് കഴിഞ്ഞു. ഇതിനായി വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെ യും അനുപാതത്തിൽ സ്റ്റേഷനുകളെ മൂന്ന് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്.
എൻഎസ്ജി- രണ്ട് (നോൺ സബർബൻ ഗ്രേഡ് ) സ്റ്റേഷനുകളിൽ ഒമ്പതും എൻഎസ്ജി- മൂന്ന് സ്റ്റേഷനുകളിൽ ഏഴും അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. ഇതിന് താഴെയുള്ള മറ്റ് സ്റ്റേഷനുകളിൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആയും നിജപ്പെടുത്തിയിട്ടുണ്ട്.
കമ്മിറ്റികളിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും പ്രത്യേക മാർഗനിർദേശമുണ്ട്.
ചേംബർ ഓഫ് കൊമേഴ്സ്, ഇതര വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളെ കൂടാതെ പ്രദേശത്തെ പ്രമുഖ വ്യക്തികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്.
നിലവിലെ വ്യവസ്ഥ അനുസരിച്ച് കമ്മിറ്റിയുടെ പ്രവർത്തന കാലാവധി രണ്ട് വർഷമാണ്. യോഗങ്ങൾ വിളിച്ച് ചേർക്കേണ്ടതിന്റെ ചുമതല അതത് സ്റ്റേഷൻ മാസ്റ്റർമാരിൽ നിക്ഷിപ്തമാണ്.
റെയിൽവേയിലെ വിവിധ വകുപ്പുകളിലെ സീനിയർ സൂപ്പർവൈസർമാർ, സുപ്രധാന ചുമതല നിർവഹിക്കുന്ന മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും കമ്മിറ്റിയുടെ മീറ്റിംഗുകളിൽ നിർബന്ധമായും പങ്കെടുപ്പിക്കണം. ഒരു വർഷത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് യോഗങ്ങൾ എങ്കിലും സംഘടിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
റെയിൽവേയുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭം കിട്ടുന്ന രീതിയിൽ വിവിധ കരാറുകളിൽ ഏർപ്പെട്ടിട്ടുള്ളവർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, റെയിൽവേയുമായി പലകാര്യങ്ങളിൽ വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരെ കമ്മിറ്റി അംഗങ്ങൾ ആക്കാൻ പാടില്ലന്നും സർക്കുലറിൽ പ്രത്യേകം വ്യവസ്ഥയുണ്ട്.
തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, ആലപ്പുഴ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, ആലുവ, തൃശൂർ എന്നീ സ്റ്റേഷനുകളിലാണ് കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കുന്നത്.കമ്മിറ്റിയിൽ അംഗങ്ങളാകാൻ പരിഗണിക്കേണ്ടവരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക നിർദിഷ്ട ഫോറത്തിൽ അവരുടെ താത്പര്യപത്രത്തോടെ ഉടൻ സമർപ്പിക്കണമെന്നാണ് നിർദേശം.
തിരുവനന്തപുരം ഡിവിഷനിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്കാണ് ലിസ്റ്റ് സമർപ്പിക്കേണ്ടത്. ഇത് പരിശോധിച്ച് ഡിവിഷണൽ റെയിൽവേ മാനേജർ യോഗ്യരായ വ്യക്തികൾക്ക് അംഗങ്ങളാകാൻ അന്തിമ അനുമതി നൽകും. തുടർന്ന് കമ്മിറ്റികൾ രൂപീകരിക്കാം. ഓഗസ്റ്റ് ആദ്യവാരം മുതൽ കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.