ചൈനയിലെ നാൻജിംഗ് നോർത്ത് റെയിൽവേ സ്റ്റേഷൻ്റെ പുതിയ രൂപകല്പനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഓൺലൈനിൽ ചർച്ചകൾ ഉയർന്നുവരികയാണ്. രസകരമെന്നു പറയട്ടെ, സംഭാഷണം നിർദ്ദിഷ്ട കെട്ടിടത്തിൻ്റെ ഉപയോഗത്തെക്കുറിച്ചോ ചെലവിനെക്കുറിച്ചോ അല്ല, മറിച്ച് അത് എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചാണ്. നിരവധി ഇൻ്റർനെറ്റ് ഉപയോക്താക്കൾ കെട്ടിടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ടു. ഇത് ഒരു ഭീമൻ സാനിറ്ററി പാഡിനോട് സാമ്യമുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്.
ജിയാങ്സു പ്രവിശ്യയിലെ സർക്കാരും ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പും ചേർന്നാണ് ഈ സ്റ്റേഷൻ പ്രാഥമികമായി രൂപകല്പന ചെയ്തത്. 2024 -ൻ്റെ ആദ്യ പകുതിയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുക. ചൈനീസ് പരമ്പരാഗത രീതിയിലുള്ള വസ്തുക്കളുപയോഗിച്ച് കൊണ്ട്, പരമ്പരാഗത രീതിയിലായിരിക്കും ഇതിന്റെ നിർമാണമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2763 മില്ല്യൺ ഡോളറാണ് ഇതിന് ഏകദേശം കണക്കാക്കുന്ന നിർമാണ ചിലവ്.
നോർത്ത് നാൻജിംഗ് സ്റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത് ‘പ്ലം ബോസ’മിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് എന്നാണ് പറയുന്നത്. ഇതിൽ എവിടെയാണ് പ്ലം ബോസം എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
“ഇതൊരു ഭീമൻ സാനിറ്ററി പാഡ് പോലെയാണ് ഉള്ളത്. ഇത് ഒരു പ്ലം ബ്ലോസം പോലെയാണ് എന്ന് പറയുന്നത് ലജ്ജാകരമാണ്” എന്നാണ് ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. “ഇത് കാണുമ്പോൾ തന്നെ ഒരു സാനിറ്ററി പാഡ് പോലെയുണ്ട് എന്ന് നമുക്ക് തോന്നുന്നുണ്ട്. ആർക്കിടെക്ടിന് എന്തുകൊണ്ടാണ് അങ്ങനെ തോന്നാത്തത്” എന്നുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.