കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കളഞ്ഞുകിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമയായ വയോധികയ്ക് തിരിച്ചു നൽകി മരംവെട്ട് തൊഴിലാളി മാതൃകയായി.
തിരൂരങ്ങാടി ചെറുമുക്ക് പങ്ങണിക്കാടൻ അബ്ദുൽ റഷീദിനാണ് 20,000 രൂപയോളം വരുന്ന പണം അടങ്ങിയ പേഴ്സ് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ നിന്ന് കളഞ്ഞു കിട്ടിയത്. തിങ്കളാഴ്ച വൈകീട്ട് കൊയിലാണ്ടിയിൽ മതപഠനം നടത്തുന്ന മകനെ കണ്ടു മടങ്ങുകയായിരുന്നു അബ്ദുൽ റഷീദ്.
നാട്ടിലേക്കുള്ള വണ്ടി വരുന്നതും കാത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന അദ്ദേഹം.ആ സമയത്താണ് ഉടമസ്ഥൻ ഇല്ലാതെ ഇരിപ്പിടത്തിൽ ഒരു പേഴ്സ് കിടക്കുന്നത് അബ്ദുൽ റഷീദ് കാണുന്നത്.
പേഴ്സിൽ പണമുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രവീന്ദ്രൻ മഠത്തിലിന് കൈമാറുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ പേഴ്സിൽ നിന്ന് ലഭിച്ച മൊബൈൽ നമ്പറിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു.
നമ്പ്രത്തുകര സ്വദേശി പ്രേമയുടെതായിരുന്നു പേഴ്സ് .സ്റ്റേഷൻ മാസ്റ്റർ ഇവരെ വിളിപ്പിച്ച ശേഷം അബ്ദുൽ റഷീദിന്റെ സാന്നിധ്യത്തിൽ തന്നെ തുക കൈമാറി. മരംവെട്ട് തൊഴിലാളിയാണ് അബ്ദുൽ റഷീദ്.