തിരുവല്ല: റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് ചരക്കുഗതാഗതത്തിനു സാധ്യതകള്‍. അരി, ഗോതമ്പ് അടക്കം റേഷന്‍ സാധനങ്ങളും തിരുവല്ലയില്‍ തന്നെ ഇറക്കാന്‍ റെയില്‍വേ സമ്മതം അറിയിച്ചിട്ടുണ്ട്. സിമന്റ് യാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് റെയില്‍വേ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന തരത്തിലുള്ള നിര്‍ദേശങ്ങളുണ്ടായത്.പുതുതായി തിരുവല്ലയില്‍ നിര്‍മിച്ച നാലാം നമ്പര്‍ പ്ലാറ്റ്ഫോമും ട്രാക്കും ചരക്കുഗതാഗതത്തിനായി മാറ്റിയിരിക്കുകയാണ്. സമീപ സ്റ്റേഷനുകളിലൊന്നുംതന്നെ ഇല്ലാത്ത സൗകര്യമാണ് തിരുവല്ലയ്ക്കു ലഭിച്ചത്. ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നാണാവശ്യം. വിവാദങ്ങളുടെ പിന്നാലെ പോയാല്‍ തിരുവല്ല സ്റ്റേഷന്റെ വികസന സാധ്യത ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട.
സിമന്റ് യാര്‍ഡിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെനാളുകള്‍ക്കുശേഷമാണ് കഴിഞ്ഞദിവസം തിരുവല്ലയില്‍ സിമന്റു കയറ്റിയ ചരക്കു തീവണ്ടി എത്തിയത്. 42 വാഗണുകളുള്ള തീവണ്ടിയാണ് സിമന്റുമായെത്തിയത്. സിമന്റ് ഇറക്കാന്‍ തുടങ്ങിയതോടെ ആക്ഷേപങ്ങളും ഉയര്‍ന്നു. കോടതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി 2015 മാര്‍ച്ചില്‍ നിര്‍ത്തിവച്ച യാര്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും അധികൃതര്‍ അറിയിച്ചു.
യാര്‍ഡിന്റെ പ്രവര്‍ത്തനം ചങ്ങനാശേരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റെയില്‍വേ അധികൃതര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. സിമന്റ് ഇറക്കുന്നതിന് മുമ്പും ശേഷവും പ്ലാറ്റ് ഫോം നന്നായി നനയ്ക്കണമെന്നും സിമന്റ് കൊണ്ടുപോകുന്ന ലോറികള്‍ പോളിത്തീന്‍ കവര്‍ ഉപയോഗിച്ച് മൂടിക്കെട്ടണമെന്നുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ടുവച്ച നിര്‍ദേശം. ഇത് പാലിച്ചുളള പ്രവര്‍ത്തനം മാത്രമാണ് യാര്‍ഡില്‍ നടക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തൊട്ടടുത്ത പ്ലാറ്റ്ഫോമുകളിലേക്കു സിമന്റ് പൊടി വ്യാപിക്കുന്നെന്ന പരാതിയുണ്ട്. ഇതു പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
31,500 രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞദിവസങ്ങളില്‍ സിമന്റ് ഇറക്കിയതിലൂടെ സ്റ്റേഷന് ലഭിച്ചത്. അടുത്ത മാസത്തോടെ ജില്ലയിലേക്കുളള റേഷന്‍ വിതരണത്തിനടക്കമുളള അരിയും ഗോതമ്പും മറ്റ് ഭക്ഷ്യോ ത്പന്നങ്ങളും യാര്‍ഡില്‍ എത്തിത്തുടങ്ങും. ഇതോടെ സ്റ്റേഷന്റെ വരുമാനത്തിലും കാര്യമായ വര്‍ധനയുണ്ടാകും. എഫ്സിഐ ഗോഡൗണ്‍ കൂടി ജില്ലയില്‍ തുറന്നാല്‍ വികസനസാധ്യത വര്‍ധിക്കും.
നിലവില്‍ എ ക്ലാസ് സ്റ്റേഷനായ തിരുവല്ല എ വണ്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതോടൊപ്പം എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കാനും ഇത് സഹായകരമാകും. നിലവില്‍ 90 തൊഴിലാളികളാണ് യാര്‍ഡില്‍ ജോലി ചെയ്യുന്നത്.
യാര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണ സജ്ജമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതാണ് ട്രേഡ് യൂണിയന് നേതാക്കളുടെ അഭിപ്രായം. 42 വാഗണുകള്‍ ഒന്നിച്ച് എത്താനുളള ക്രമീകരണം സ്റ്റേഷനില്‍ ഒരുക്കിയാല്‍ മാത്രമേ പഞ്ചാബ് അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയ്ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ പൂര്‍ണമായും എത്തിക്കാന്‍ സാധിക്കു. ഇങ്ങനെ എത്തുന്ന ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് കൂടുതല്‍ ചരക്ക് ലോറികള്‍ക്ക് ഒരേസമയം പാര്‍ക്കിംഗ് ഏര്‍പ്പെടുത്തേണ്ടതായും വരും.