തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് എടുക്കാനുള്ള നീണ്ട നിരയോർത്ത് ഇനി പേടിക്കണ്ട. കൗണ്ടറിൽ കൊടുക്കാൻ ചില്ലറ ഒപ്പിക്കാൻ ഓടുകയും വേണ്ട. റെയിൽവേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ എത്തിയാൽ ടിക്കറ്റ് എടുക്കാം. കൈയിലുള്ള സ്മാർട് ഫോണിലേക്ക് ഒരേയൊരു ആപ് ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി.
എവിടേക്കാണ് യാത്രയെങ്കിലും ടിക്കറ്റ് മൊബൈലിൽ കിട്ടും.പണവും ഓണ്‍ലൈൻ ആയി തന്നെ അടയ്ക്കാം. തിരുവനന്തപുരം ഡിവിഷനിലെ യാത്രക്കാർക്കുള്ള വിഷുക്കൈനീട്ടമായി റെയിൽവേ ഒരുക്കുന്ന “യുടിഎസ് ഓണ്‍ മൊബൈൽ’ (UTS on MOBILE) എന്ന ആപ് നാളെ മുതൽ പ്രവർത്തനസജ്ജമാകും. ഏതൊരാപ്പും ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി യുടിഎസ് ഓണ്‍ മൊബൈലും ഇൻസ്റ്റാൾ ചെയ്യാം. ആപ്പിൽത്തന്നെയുള്ള ആർ- വാലറ്റ് അഥവാ റെയിൽവേ വാലറ്റ് എന്ന സേവനത്തിലൂടെ പണം അടയ്ക്കാം.
ആപ്പിലെ പേപ്പർലെസ് ഓപ്ഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് ടിക്കറ്റിന്റെ ചിത്രം ഡൗണ്‍ലോഡ് ആകും. ഉദ്യോഗസ്ഥരെ ടിക്കറ്റിന്റെ ചിത്രം കാണിച്ചാൽ മതി. ഫോണിന്റെ ഐഎംഇഐ കോഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഈ ടിക്കറ്റ് കൈമാറ്റം ചെയ്യാൻ സാധിക്കില്ല. ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ യാത്രക്കാരൻ റെയിൽവേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ജിയോ ഫെൻസിംഗ് പരിധിയിൽ ഉണ്ടായിരിക്കണം.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗണ്‍, ആലുവ, തൃശൂർ, ഗുരുവായൂർ, കന്യാകുമാരി, നാഗർകോവിൽ ജംഗ്ഷൻ, കുഴിത്തുറ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാക്കുക.
താമസിയാതെ മറ്റു സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് തീരുമാനം. ചെന്നൈയിൽ ദിവസേന ഒരു ലക്ഷത്തിൽപരം യാത്രക്കാരാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ആപ് ഇൻസ്റ്റാൾ ചെയ്യുന്നതിനും ഇതു സംബന്ധമായ സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി പാസഞ്ചർ അസോസിയേഷന്റെ സഹകരണത്തോടുകൂടി ഹെൽപ് ഡെസ്ക്കുകൾ സജ്ജീകരിക്കും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ആപ്പുമായി ബന്ധിപ്പിക്കണം. https://www.utsonmobile.indianrail.gov.in/എന്ന വെബ്സൈറ്റിലൂടെയും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ നാല് അക്ക പാസ്വേഡ് ലഭിക്കും. ഇത് വെബ്സൈറ്റിലും ആപ്പിലും ഒരുപോലെ ഉപയോഗിക്കാം.
സീറോ ബാലൻസിലുള്ള ആർ- വാലറ്റ് റീചാർജ് ചെയ്യുകയാണ് അടുത്ത ഘട്ടം. ലോഗിൻ ഐഡി ആയി മൊബൈൽ നന്പറും നാലക്ക പാസ്വേഡും ഉപയോഗിച്ച് സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.
“വാലറ്റ് റീച്ചാർജ്’ എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് റീചാർജ് ചെയ്യേണ്ടത്. ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഓണ്‍ലൈൻ ബാങ്കിംഗ്, മൊബിക്വിക്ക്, പേടിഎം എന്നിവ ഉപയോഗിച്ച് ആർ- വാലറ്റ് റീചാർജ് ചെയ്യാം. ആൻഡ്രോയിഡ്, വിൻഡോസ്, ആപ്പിൾ ഐഒഎസ് എന്നിവയിൽ ഈ ആപ് ലഭ്യമാണ്.