കൊല്ലം: നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റെയിൽവേ ടൈം ടേബിളിന്റെ അപ്ഡേഷൻ പൂർണമായില്ല. ഇന്ന് വൈകുന്നേരത്തോടെ ഇവ പൂർത്തിയാകും. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ എന്നീ ഔദ്യോഗിക ആപ്പുകളിൽ പുതിയ സമയ വിവര പട്ടിക ഉൾപ്പെടുത്തുന്നത് ഏറെക്കുറെ പൂർത്തിയായി.
വെയർ ഈസ് മൈ മെയിൻ അടക്കമുള്ള സ്വകാര്യ ആപ്പുകളിൽ പുതിയ ടൈംടേബിൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യവുമല്ല.
അതേ സമയം തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഡിവിഷൻ അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി.
ഇതിൽ മിക്ക ട്രെയിനുകളുടെയും പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വ്യത്യാസമുണ്ട്.വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടും.
അതേസമയം രാവിലെ തിരുവനന്തപുരത്ത് അര മണിക്കൂറോളം നേരത്തേ എത്തുന്ന മലബാർ എക്സ്പ്രസിന്റെ സമയമാറ്റം ഡിവിഷൻ അധികൃതർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്തിമ പട്ടിക ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും എന്നാണ് ഡിവിഷൻ അധികൃതർ പറയുന്നത്.
ഇപ്പോഴത്തേ പട്ടികയിൽ ചില പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. പുനലൂർ -നാഗർകോവിൽ, എറണാകുളം – കൊല്ലം, നാഗർകോവിൽ – കൊച്ചു വേളി, തിരുനെൽവേലി -നാഗർ കോവിൽ, എറണാകുളം- കൊല്ലം മെമു എന്നീ ട്രെയിനുകളുടെ ഇരു ദിശകളിലുമുള്ള സർവീസുകളുടെ നമ്പരുകൾ നാളെ മുതൽ മാറും.
ചില പാസഞ്ചർ ട്രെയിനുകളുടെ യാത്രാ നിരക്കുകൾ മാറുമോ എന്ന കാര്യത്തിൽ സൂചനയൊന്നും അറിയിപ്പിൽ ഇല്ല. കേരളം വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകൾ, സംസ്ഥാനത്ത് ഓടുന്ന ജനശതാബ്ദി എക്സ്പ്രസുകൾ എന്നിവയ്ക്കൊന്നും സമയമാറ്റം ഇല്ലെന്നാണു വിവരം.
എസ്.ആർ. സുധീർ കുമാർ