തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു നൂറുമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ഇരുന്പുകഷ്ണം വച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തമിഴ്നാട് തിരുവണ്ണാമല സ്വദേശി ഹരി (41) ആണ് പിടിയിലായത്. ട്രാക്കിനു സമീപമുണ്ടായിരുന്ന റെയിൽവേ പാളത്തിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണു നടന്നത്. ട്രെയിൻ കയറി ഇരുന്പു കഷ്ണം രണ്ടായി മുറിയുമെന്ന കണക്കുകൂട്ടലിലാണു ട്രാക്കിലിട്ടതെന്നും ഇയാൾ റെയിൽവേ പോലീസിനോടു പറഞ്ഞു.
തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം തൃശൂർ-എറണാകുളം ഡൗണ്‍ലൈൻ പാതയിലാണ് ഇരുന്പു റാഡ് കയറ്റിവച്ചത്. ട്രാക്ക് നിർമാണത്തിന്റെ ഭാഗമായി ബാക്കി വന്ന കഷ്ണമാണിത്. ഇന്നു പുലർച്ചെ 4.45ന് ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റാണു ഇരുന്പു കഷ്ണം കണ്ടെന്നും ട്രെയിൻ തട്ടി ഇതു തെറിച്ചുപോയെന്നും റെയിൽവേ ഉദ്യോഗസ്ഥരെ അറിയിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിൽ ഇരുന്പു കഷണം കണ്ടെത്തി.റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നതിനാൽ ഗുഡ്സ് ട്രെയിൻ വേഗമെടുത്തിരുന്നില്ല. ഇരുന്പു കഷ്ണത്തിൽ തട്ടിയയുടൻ ട്രെയിൻ നിർത്തുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. ആർപിഎഫ്, ആർപിഎഫ് ഇന്റലിജൻസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അട്ടിമറി ശ്രമമല്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
പിടിയിലായ ഹരി ഏതാനും ദിവസമായി ഈ പ്രദേശത്തുണ്ടായിരുന്നു. സംശയം തോന്നിയ പോലീസ് ഇയാളുടെ ചിത്രമെടുത്തിരുന്നു. രാവിലെ എട്ടരയോടെ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണു മോഷണ ശ്രമമാണെന്നു വ്യക്തമായത്. ആദ്യം കുറ്റംസമ്മതിക്കാൻ വിസമ്മതിച്ചെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ ചെയ്തതാണെന്നു പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലം കുണ്ടറയിലും സമാനരീതിയിൽ റെയിൽവേ ട്രാക്കിൽ തൂണ് കയറ്റിവച്ചിരുന്നു. നെടുന്പായിക്കുളത്തെ പഴയ അഗ്നിരക്ഷാനിലയത്തിനു സമീപത്തെ ട്രാക്കിലാണു പോസ്റ്റ് എടുത്തുവച്ചത്. പുലർച്ചെ 1.20ന് ഇതുവഴി പോയ സമീപവാസിയായ യുവാവാണ് ട്രാക്കിനു കുറുകെയുള്ള ടെലിഫോണ്‍ പോസ്റ്റ് കണ്ടത്.
ഉടൻ തന്നെ ഈസ്റ്റ് ഗേറ്റ് കീപ്പറെ അറിയിച്ചു. തുടർന്ന് റെയിൽവേ പോലീസ്, എഴുകോണ്‍ പോലീസ് എന്നിവർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റി. സംഭവത്തിൽ ഇളന്പള്ളൂർ സ്വദേശി അരുണ്‍ (39), പെരുന്പുഴ പാലപ്പൊയ്ക സ്വദേശി രാജേഷ് (33) എന്നിവർ അറസ്റ്റിലായിരുന്നു.