അമരവിള: ഗുരുവായൂർ എക്സ്പ്രസ് കടന്ന് പോകുന്നതിന് നിമിഷങ്ങൾക്ക് മുന്പ് ട്രാക്കിലൂടെ ബൈക്ക് പാഞ്ഞതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ലെവൽ ക്രോസിൽ ഇന്നലെ അർധ രാത്രി 12.10 നായിരുന്നു നാടകീയമായ സംഭവങ്ങൾ.
ചെന്നൈ എഗ്മോറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ഗുരുവായൂർ എക്സ്പ്രസിനായി എയ്തുകൊണ്ടാകാണി ലെവൽ ക്രോസിലെ ബാരിക്കേഡ് താഴ്ത്തുന്നതിനിടെയാണ് ട്രാക്കിലേക്ക് പുരുഷനും സ്ത്രീയും ബൈക്കിൽ പായുന്നത് ഗേറ്റ് മാനായ മധു കണ്ടത്.
തുടർന്ന് ഗേറ്റ് താഴ്ത്തിയ ശേഷം നെയ്യാറ്റിൻകര സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ സിഗ്നൽ കട്ട് ചെയ്യ്ത് വണ്ടി നിറുത്തിയിടാൻ സ്റ്റേഷൻ മാസ്റ്റർ ആവശ്യപ്പെട്ടതായി ഗേറ്റ്കീപ്പർ മധു പറഞ്ഞു. തുടർന്ന് തൊട്ടടുത്ത കണ്ണംകുഴി ഗേറ്റ് കീപ്പർ മഹേഷിനെ വിവരമറിയിക്കുകയും ട്രാക്ക് പരിശോധിക്കാൻ പറയുകയും ചെയ്തു.
തുടർന്ന് ഗേറ്റിൽ നിന്നും 300 മീറ്ററോളം പരിശോധിച്ച മഹേഷ് ആളില്ലെന്ന് ഉറപ്പ് വരുത്തി നൽകിയ വിവരത്തെത്തുടർന്ന് അരമണിക്കൂറിന് ശേഷം ഗുരുവായൂർ എക്സ്പ്രസ് കടത്തിവിടുകയായിരുന്നു.
ട്രാക്കിൽ നിന്ന് മാറി ഒരു ബൈക്ക് കണ്ടതായി ട്രെയിനിലൂണ്ടായിരുന്ന ലോക്കോ പൈലറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്കോപൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബൈക്ക് കേന്ദ്രീകരിച്ച് റെയിൽവെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം മാരായമുട്ടം , പാറശാല പോലീസ് സംഭവ സഥലത്ത് പരിശോധന നടത്തി. ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തു.