ചിങ്ങവനം: ഇന്നലെ രാത്രിയിൽ കുറിച്ചിക്ക് സമീപം റെയിൽവേ ട്രാക്കിൽ സംശയാസ്പദമായി കണ്ടെത്തിയത് മദ്യപാനിയെ. ട്രെയിൻ കടന്നു പോകുന്പോൾ റെയിൽവേ ട്രാക്കിൽ സംശയാസ്പദമായി സാഹചര്യത്തിൽ ആളെ കണ്ടെന്ന എൻജിൻ ഡ്രൈവറുടെ അറിയിപ്പ് കിട്ടിയതോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് മദ്യപാനിയെ കണ്ടെത്തിയത്. ഇയാളെ പിന്നീട് മാറ്റി. മദ്യലഹരിയിൽ ട്രാക്കിനു സമീപം വീണു പോയതായിരുന്നു.
കുറിച്ചി ഇത്തിത്താനം ചിറവം മുട്ടം മേൽപ്പാലത്തിന് സമീപം ഇന്നലെ രാത്രി ഒന്‍പതിനാണു ആളെ കണ്ടതായി ലോക്കോ പൈലറ്റ് ബന്ധപ്പെട്ടവരെ അറിയിച്ചത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ഡ്രൈവറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതനുസരിച്ചു റെയിൽവേ അധികൃതർ ചിങ്ങവനം പോലീസിലും ചങ്ങനാശേരി പോലീസിലും അറിയിച്ചു. ചിങ്ങവനം പോലീസ് ചിറവം മുട്ടത്ത് നിന്നും ചങ്ങനാശേരി പോലീസ് അന്പലക്കോടി ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്ക് ട്രാക്കിലൂടെ നടന്നു പരിശോധന നടത്തി. വിവരമറിഞ്ഞു നാട്ടുകാരും ഒപ്പം ചേർന്നു.
ഒന്നര മണിക്കൂറോളം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് ചിറവം മുട്ടം ഭാഗത്തേയ്ക്ക് ട്രാക്കിലൂടെ തിരികെ നടന്ന ചിങ്ങവനം പോലീസ് പണി നടന്നു കൊണ്ടിരിക്കുന്ന ട്രാക്കിൽ ഒരാൾ മദ്യ ലഹരിയിൽ കിടക്കുന്നതും കണ്ടു. ഇയാളെ ട്രാക്കിൽ നിന്നും മാറ്റി. പിന്നീട് കൂടുതൽ ദൂരം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്തിയില്ല. റെയിൽവേ സുരക്ഷാ വിഭാഗത്തിന്റെ നിർദേശപ്രകാരം ട്രെയിനുകൾ ഈ ഭാഗത്ത് വേഗം കുറച്ചാണു സഞ്ചരിച്ചത്.