കൊല്ലം: ട്രെയിൻ യാത്രികരുടെ നിരന്തരമായ രണ്ട് ആവശ്യങ്ങൾക്കുനേരേ റെയിൽവേ മന്ത്രാലയത്തിന്റെ ചുവപ്പുകൊടി. കൊല്ലത്ത് നിന്ന് ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് ആരംഭിക്കണമെന്നായിരുന്നു ഒന്നാമത്തെ ആവശ്യം. ഇത് ആലോചനയിൽ പോലും ഇല്ലെന്നാണ് റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നത്.
എറണാകുളത്ത് നിന്ന് കൊല്ലം, ചെങ്കോട്ട വഴി വേളാങ്കണ്ണിക്ക് പോകുന്ന വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് മുന്നിലും റെയിൽവേ പുറംതിരിഞ്ഞു നിൽക്കുകയാണ്. നിലവിൽ ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് നടത്തുന്നത്.
കൊല്ലം – മധുര (ചെങ്കോട്ട വഴി ) വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയും വിചിത്രമാണ്.
രാജ്യത്താകമാനം 102 വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചതിൽ നാലെണ്ണം കൊല്ലം ഭാഗത്ത് ഉള്ളവർക്കും രണ്ടെണ്ണം മധുര ഭാഗത്ത് ഉള്ളവർക്കും ഉപയുക്തമാണെന്നാണ് മന്ത്രി നൽകിയ മറുപടി. അതിനാൽ കൊല്ലം – മധുര റൂട്ടിൽ വന്ദേഭാരത് ആലോചനയിൽ ഇല്ലന്നുമാണ് മന്ത്രി പറയുന്നത്.
ട്രെയിനുകൾ അനുവദിക്കുന്നത് വിഭവ ലഭ്യതയുടെ അടിസ്ഥാനത്തിലും നടത്തിപ്പ്, ട്രാഫിക് ആവശ്യവും എന്നിവയും പരിഗണിക്കണമെന്നാണ് മന്ത്രി ഇക്കാര്യത്തിൽ വിശദീകരണമായി വ്യക്തമാക്കുന്നത്. എന്നാൽ മന്ത്രിയുടെ ഈ മറുപടി യുക്തിസഹമല്ല.
കൊല്ലം വഴി കടന്നു പോകുന്നത് തിരുവനന്തപുരം – കാസർഗോഡ്, തിരുവനന്തപുരം -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ്. ഇതിൽ ആദ്യത്തെത് കോട്ടയം വഴിയും രണ്ടാമത്തേത് ആലപ്പുഴ വഴിയുമാണ്.
എന്നാൽ ഇപ്പോൾ യാത്രക്കാർ ആവശ്യപ്പെടുന്ന കൊല്ലം – മധുര വന്ദേഭാരത് ട്രെയിൻ ഇതു വഴിയല്ല എന്ന വസ്തുത മന്ത്രി ബോധപൂർവം മറച്ചുവച്ചാണ് മറുപടി നൽകിയിട്ടുള്ളത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമ്പൂർണ വൈദ്യുതി എൻജിൻ ട്രെയിനുകൾ ഏർപ്പെടുത്തിയ കൊല്ലം – ചെങ്കോട്ട – മധുര റൂട്ടിൽ പുതിയ വന്ദേഭാരത് വേണമെന്ന ആവശ്യമാണ് യാത്രക്കാരും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളും മുന്നോട്ടുവയ്ക്കുന്നത്.
വേളാങ്കണ്ണി എക്സ്പ്രസും എറണാകുളത്ത് നിന്ന് കൊല്ലത്ത് എത്തിയാൽ പിന്നീട് പുനലൂർ, ചെങ്കോട്ട വഴിയാണ് പോകുന്നത്.
ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസം ആയതിനാൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റിസർവേഷൻ ഫുൾ ആയതിനാൽ ടിക്കറ്റ് ലഭിക്കാനും ബുദ്ധിമുട്ടാണ്. എന്നിട്ടും നൂറു കണക്കിന് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റും റെയിൽവേ വിതരണം ചെയ്യുന്നു.
വേളാങ്കണ്ണി തീർഥാടകരും ബിസിനസുകാരും ചെറുകിട കച്ചവടക്കാരുമാണ് ഈ ട്രെയിനിനെ പ്രധാനമായും ആശ്രയിക്കുന്നത്. നിലവിൽ ഈ സർവീസ് വൻ ലാഭത്തിലാണ് ഓടുന്നത്. വണ്ടി പ്രതിദിനം ആക്കിയാലും വരുമാനത്തിൽ ഒട്ടും കുറവുണ്ടാകുകയുമില്ല.
നിലവിൽ കൊല്ലം – ചെങ്കോട്ട – മധുര റൂട്ടിൽ സർവീസ് നടത്തുന്ന വണ്ടികളുടെ എണ്ണവും വിരളമാണ്. അത് കൊണ്ട് തന്നെ ഈ പാതയിൽ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തുന്നതിന് മറ്റ് തടസങ്ങൾ ഒന്നുമില്ല എന്നാണ് യാത്രക്കാർ പറയുന്നത്.
മാത്രമല്ല കഴിഞ്ഞ ദിവസം താത്ക്കാലികമായി ആരംഭിച്ച ബംഗളൂരു-എറണാകുളം ത്രൈവാര വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ കൊല്ലം വരെ നീട്ടണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ കൊല്ലത്ത് നിന്ന് പ്രതിദിനം ബംഗളുരുവിന് പോകുന്ന വിദ്യാർഥികൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാർക്ക് അത് വലിയ ആശ്വാസമാക്കുകയും ചെയ്യും.
എസ്.ആർ. സുധീർ കുമാർ