ന്യൂഡൽഹി: ട്രെയിനിൽ ബീഡി വലിച്ചതിന്റെ പേരിൽ റെയിൽവേ പോലീസിന്റെ മർദനമേറ്റ മധ്യവയസ്കനായ തൊഴിലാളി മരിച്ചു. ആഗ്രയ്ക്കും മഥുരയ്ക്കും ഇടയിൽ ഗോണ്ട്വാന എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണു സംഭവം.
രാംദയാൽ അഹിർവാർ (50) ആണു മരിച്ചത്. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ പലേര നിവാസിയായ രാംദയാൽ മകനോടൊപ്പം ജോലിക്കായി ഡൽഹിയിലേക്കു പോവുകയായിരുന്നു. ആഗ്ര സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ജനറൽ കോച്ചിനുള്ളിൽ ബീഡി കത്തിച്ചു വലിച്ച അച്ഛനെ കോൺസ്റ്റബിൾമാർ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നു മകൻ വിശാൽ പറഞ്ഞു.
കോൺസ്റ്റബിൾമാർ രാംദയാലിനെ ജനറൽ കോച്ചിൽനിന്ന് സ്ലീപ്പർ കോച്ചിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദിച്ചതായി ദൃക്സാക്ഷികളും പറഞ്ഞു. മർദനമേറ്റു മരിച്ച രാംദയാലിന്റെ മൃതദേഹവുമായി കോൺസ്റ്റബിൾമാർ ട്രെയിൻ മഥുര ജംഗ്ഷനിൽ ഇറങ്ങിയശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചു യാത്ര തുടർന്നതായും പറയുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.