ഒരു റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ എത്രനാൾ വേണ്ടിവരും? ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവന്നേക്കും. എന്നാൽ ജപ്പാനിൽ ഒരു റെയിൽവേ സ്റ്റേഷൻ പൂർണമായി നിർമിക്കാൻ വേണ്ടിവന്ന സമയം വെറും ആറു മണിക്കൂർ.
ജപ്പാനിലുള്ള അരിഡ സിറ്റിയിലെ ഹത്സുഷിമ സ്റ്റേഷനാണ് ഈവിധം അന്പരപ്പിക്കും വേഗത്തിൽ പുനർനിർമിച്ചത്. വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. സാങ്കേതികവിദ്യയുടെ സകലസാധ്യതകളും ഉപയോഗിച്ചായിരുന്നു നിർമാണം.
തകർച്ചയുടെ വക്കിലെത്തിയിരുന്ന ഇവിടത്തെ തടികൊണ്ടുണ്ടാക്കിയ പഴയകെട്ടിടത്തിനു പകരമായി അത്യാധുനിക കോൺക്രീറ്റ് കെട്ടിടമാണു പണിതുയർത്തിയത്. ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ ഫാക്ടറിയിൽ നിർമിക്കുകയും അത് പിന്നീട് റെയിൽവേ സ്റ്റേഷനിലെത്തിച്ചു കൂട്ടിയോജിപ്പിക്കുകയുമായിരുന്നു.
പ്രതിദിനം 530 യാത്രക്കാർക്കു സേവനം നൽകുന്ന ഈ സ്റ്റേഷനിലൂടെ മണിക്കൂറിൽ മൂന്നു വരെ ട്രെയിനുകൾ കടന്നുപോകുന്നുണ്ട്. ഒരു ദിവസത്തെ അവസാനത്തെ ട്രെയിന് പോയശേഷമാണു സ്റ്റേഷന് നിർമാണം തുടങ്ങിയത്. അടുത്തദിവസം രാവിലെ ആദ്യ ട്രെയിന് സ്റ്റേഷനിലെത്തുമ്പോഴേക്കും സ്റ്റേഷന്റെ പണി പൂര്ത്തിയാക്കിയിരുന്നുവെന്നു ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.