ബംഗളൂരു: കർണാടക ബംഗളൂരു കെആർ പുരം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് സഹോദരനെ ആക്രമിച്ചുവീഴ്ത്തിയശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയാണു ബലാത്സംഗത്തിനിരയായത്.
ഇന്നു പുലർച്ചെ ഒന്നരയോടെയാണു സംഭവം. എറണാകുളത്തുനിന്ന് ബംഗളൂരുവിലെത്തിയതിനു പിന്നാലെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. തൊഴിൽ പരിശീലനം പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരനും എത്തിയിരുന്നു.
പുലർച്ചെ 1.10 ഓടെ പെൺകുട്ടി കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് പെൺകുട്ടിയും സഹോദരനും ഭക്ഷണം കഴിക്കാനായി മഹാദേവപുരയിലെ റസ്റ്ററന്റിലേക്കു പോയി. ഈസമയം പിന്തുടർന്നെത്തിയ രണ്ടുപേർ ഇവരെ ആക്രമിക്കുകയും പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണു പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടാതെ പ്രതികളിലൊരാളെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. രണ്ടാമത്തെ പ്രതിയെയും പോലീസ് പിടികൂടി. പ്രതികൾ മുലബാഗിലുവിൽ നിന്നുള്ള ഓട്ടോ ഡ്രൈവർമാരാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.