ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സുഹൃത്തിനൊപ്പം റെയിൽവേ ട്രാക്കിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കെ ഇരുപതുകാരനായ വിദ്യാർഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ബിബിഎ വിദ്യാർഥിയായ മൻരാജ് തോമർ ആണു മരിച്ചത്.
റെയിൽവേ ട്രാക്കിൽ മൻരാജ് തോമറിന്റെ എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. ഹെഡ്ഫോൺ വച്ച് മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരുന്നതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ല.
ട്രെയിൻ തട്ടി തത്ക്ഷണം മൻരാജിന്റെ മരണം സംഭവിച്ചു. സുഹൃത്ത് അപകടം കൂടാതെ രക്ഷപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനുശേഷം മൻരാജിന്റെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു. മാതാപിതാക്കളുടെ ഏക മകനായ മൻരാജിനു ബോഡി ബിൽഡിംഗും റീൽ നിർമാണവും ഇഷ്ടമായിരുന്നു.