പാലക്കാട്: ചെന്നൈ യാത്രയ്ക്കായി തീവണ്ടിയിൽ ബുക്ക് ചെയ്ത ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് റെയിൽവേ 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ.
കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ. നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യിൽ ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി.
ദക്ഷിണറെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ് പരാതി.
2017 സെപ്റ്റംബർ ആറിന് പുലർച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്സ്പ്രസിൽ പാലക്കാട് ജങ്ഷനിൽനിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയത്. ഇവർക്ക് 69, 70 നമ്പർ ബർത്തുകളാണ് അനുവദിച്ചിരുന്നത്.
പാലക്കാട് ജങ്ഷനിൽനിന്ന് ഇരുവരും വണ്ടിയിൽ കയറിയപ്പോൾ ഇവർക്ക് അനുവദിച്ച 70-ാം നമ്പർ ബർത്ത് മൂന്ന് അതിഥിത്തൊഴിലാളികൾ കൈയടക്കിയിരുന്നു.
കൈവശം ടിക്കറ്റ് പരിശോധകൻ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നതിനാൽ തൊഴിലാളികൾ ബെർത്തിൽനിന്ന് മാറാൻ കൂട്ടാക്കിയില്ലെന്ന് പരാതിയിൽ പറയുന്നു.
69-ാം നമ്പർ ബെർത്ത് ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു.
പാലക്കാട് സ്റ്റേഷൻ ഫോൺ നമ്പറിൽ പരാതിപ്പെട്ടപ്പോൾ വണ്ടി സ്റ്റേഷൻ വിട്ടതിനാൽ ടി.ടി.ആറിനെ സമീപിക്കാനായിരുന്നു നിർദേശം.
എന്നാൽ, ടി.ടി.ആർ. യാത്രയിലുടനീളം ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
തിരുപ്പൂർ, കോയമ്പത്തൂർ സ്റ്റേഷനുകളിൽ ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.
ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർത്തിയാക്കേണ്ടിവന്നതായും ദമ്പതിമാർ പരാതിയിൽ വ്യക്തമാക്കി.
റെയിൽവേ അധികൃതരുടെ വാദംകൂടി കേട്ട കമ്മിഷൻ പരാതി അംഗീകരിച്ച് നഷ്ടപരിഹാരം നൽകാൻ നിർദേശിക്കുകയായിരുന്നു.
തുകയിൽ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിലുള്ള നഷ്ടപരിഹാരമാണ്. 25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാർക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവുമാണ്.
ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് വി. വിനയ് മേനോൻ, അംഗങ്ങളായ എ. വിദ്യ, എൻ.കെ. കൃഷ്ണൻകുട്ടി എന്നിവരാണ് വിധി പ്രസ്താവിച്ചത്.