കൃത്രിമമഴ എന്നു കേള്‍ക്കുമ്പോള്‍ ഇതെന്താണെന്നൊരു ആകാംക്ഷ ഒട്ടുമിക്ക ആളുകളിലും ജനിക്കാറുണ്ട്. കഠിനമായ ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലെ കൃഷിയെ സംരക്ഷിക്കാനുള്ള ഒരു ശാസ്ത്രീയ മാര്‍ഗമാണ് ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴ. ലോകത്ത് പലയിടത്തും അടിയന്തരഘട്ടങ്ങളില്‍ കൃത്രിമ മഴ പെയ്യിച്ചിട്ടുണ്ട്. ഇനി എന്താണ് കൃത്രിമ മഴയെന്നറിയാം.
അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയായ ട്രോപ്പോസ്ഫിയറില്‍ നിന്നും മുകളിലേക്കു പോകുന്തോറും അന്തരീക്ഷ താപനില കുറഞ്ഞുവരുന്നു. അതിനാല്‍ ട്രോപോസ്ഫിയറിലെ മേഘങ്ങളില്‍ പൊതുവേ താപനില കുറവായിരിക്കും. താപനില പൂജ്യം ഡിഗ്രിയ്ക്കു മുകളിലായ മേഘങ്ങളെ ചൂടുമേഘങ്ങളെന്നും പൂജ്യം ഡിഗ്രിയ്ക്കു താഴെയായ മേഘങ്ങളെ തണുത്ത മേഘങ്ങളെന്നും വിളിക്കുന്നു. ഇതില്‍ ചൂടുമേഘങ്ങള്‍ക്കുള്ളിലെ ചെറു ജലകണികകള്‍ പരസ്പരമുള്ള കൂട്ടിയിടികളുടെ ഫലമായി വലിയ കണികകളായി മാറുന്നു. ഒടുവില്‍ ഇതു പൊട്ടി ഭൂമിയില്‍ മഴയായി പെയ്യുന്നു. ഇതുപോലെ തന്നെ തണുത്ത മേഘങ്ങള്‍ക്കുള്ളില്‍ ഐസ് പരലുകള്‍ കൂടിച്ചേരുകയും അത് മേഘത്തിന്റെ താഴ്ഭാഗത്തേക്ക് പതിയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് എപ്പോള്‍ താപനില പൂജ്യം ഡിഗ്രിയ്ക്കു മുകളിലെത്തുന്നുവോ അപ്പോള്‍ മഴയായി പെയ്യുകയും ചെയ്യുന്നു.
ചില സമയങ്ങളില്‍ മേഘങ്ങള്‍ക്കുള്ളില്‍ സാധാരണയിലും ചെറുതായ ജലകണികളായിരിക്കും കാണപ്പെടുന്നത്. അതിനാല്‍ വലിയ ഐസ് പരലുകളായി മാറി മഴ പെയ്യാന്‍ അവയ്ക്കു സാധിക്കുന്നില്ല. ഈ സമയത്താണ് ഐസ് പരലുകള്‍ സൃഷ്ടിക്കാനുള്ള കൃത്രിമവഴികളിലേക്കു നീങ്ങുന്നത്. ഇതിനായി ഹെലികോപ്റ്ററിലോ ചെറുവിമാനങ്ങളിലോ എത്തി മേഘങ്ങളുടെ മുകളില്‍ സില്‍വര്‍ അയഡൈഡ് ഏറോസോള്‍, ഡ്രൈ ഐസ്(ഖര കാര്‍ബണ്‍ ഡയോക്‌സൈഡ്), നന്നായി പൊടിച്ച സോഡിയം ക്ലോറൈഡ്(കറിയുപ്പ്) തുടങ്ങിയവ വിതറുന്നു. ഇതോടെ മേഘങ്ങളില്‍ ഐസ് പരലുകള്‍ രൂപം കൊള്ളാന്‍ തുടങ്ങുകയും ഒടുവില്‍ തണുത്തുറഞ്ഞ ശേഷം മഴയായി പെയ്യുകയും ചെയ്യുന്നു”. ഇതാണ് കൃത്രിമ മഴയെന്നറിയപ്പെടുന്നത്.
കൃത്രിമമഴയുടെ ഗുണഫലങ്ങള്‍
ജലദൗര്‍ലഭ്യം രൂക്ഷമായ സ്ഥലങ്ങളില്‍ സില്‍വര്‍ അയഡൈഡ് മേഘങ്ങളില്‍ വിതറി മഴപെയ്യിക്കുന്നത് ഈ സ്ഥലങ്ങളില്‍ കൃഷി തഴച്ചു വളരാന്‍ ഇടയാക്കുമെന്നത് ഇതിന്റെ ഒരു ഗുണഫലമാണ്. ഉണങ്ങി വരണ്ട പ്രദേങ്ങളിലെ കൃഷിഭൂമികള്‍ ഫലഭൂയിഷ്ഠമാകുന്നതു വഴി പ്രദേശത്തെ സാമ്പത്തിക നില ഉയരുന്നു. ഈ സ്ഥലങ്ങളിലെ കാലാവസ്ഥ സന്തുലിതമാക്കുന്നതിനും കൃത്രിമ മഴ സഹായിക്കുന്നു. മഴ പെയ്യിക്കുന്നതിലുപരി പ്രദേശത്തെ അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെ പ്രദേശത്തങ്ങളെ മാരകങ്ങളായ കൊടുങ്കാറ്റുകളില്‍ നിന്നു തടയുക കൂടിയാണ് ചെയ്യുന്നത്. ഉണങ്ങി വരണ്ട പ്രദേശങ്ങള്‍ കൃത്രിമ മഴ പെയ്യിക്കുന്നതിലൂടെ വാസയോഗ്യമാകുന്ന കാഴ്ചയും കാണാം. കൃത്രിമ മഴയിലൂടെ ഫലഭൂയിഷ്ഠമാകുന്നതോടെ ടൂറിസ്റ്റുകളും പ്രദേശത്തെ തേടിയെത്തുന്നു. ചൈന, കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ മുതല്‍ ഇന്ത്യയിലെ പല ഭാഗങ്ങളില്‍ വരെ കൃത്രിമ മഴപെയ്യിച്ചിട്ടുണ്ട്. 1983, 1984-87, 199-94 കാലഘട്ടങ്ങളില്‍ തമിഴ്‌നാടും 2003-04 കാലയളവില്‍ കര്‍ണാടകയും മഹാരാഷ്ട്രയും ഇതേ രീതി സ്വീകരിച്ചിട്ടുണ്ട്. 2008ല്‍ ആന്ധ്രാപ്രദേശിലെ 12 ജില്ലകളിലാണ് കൃത്രിമ മഴ പെയ്യിച്ചത്.
ദോഷവശങ്ങള്‍
രാസ വസ്തുക്കളാണ് കൃത്രിമ മഴയ്ക്കായി ഉപയോഗിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദോഷവശം. മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ അയഡൈഡ് ‘അയഡിസം’ എന്ന രോഗാവസ്ഥ ജനങ്ങളില്‍ ഉണ്ടാക്കുന്നു. മൂക്കൊലിപ്പ്, തലവേദന, ശരീരത്തില്‍ കുരുക്കളുണ്ടാവുക, വിളര്‍ച്ച, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ഇതിന്റെ ബാക്കിപത്രമാണ്. മഴ പെയ്യിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു തന്നെ മഴപെയ്യണമെന്ന് നിര്‍ബന്ധമില്ല. കാരണം മേഘങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിപ്പോകാനുള്ള സാധ്യതയാണ്. ഇതു മൂലം കൃത്രിമമഴ പ്രായോഗികമല്ലെന്നു പലരും വാദിക്കുന്നുണ്ട്. പദ്ധതിയുടെ ചിലവാണ് മറ്റൊരു പ്രധാന പ്രശ്‌നം. വിമാനങ്ങളില്‍ രാസവസ്തുക്കള്‍ എത്തിക്കുന്നതിന് വലിയ തുക മുടക്കേണ്ടി വരും. ദാരിദ്ര്യത്താല്‍ ബുദ്ധിമുട്ടുന്ന പ്രദേശത്ത് കൃത്രിമമഴയ്ക്കായി വലിയ തുക സമാഹരിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. കൃത്രിമമായി മഴ പെയ്യിക്കുന്നതിലൂടെ കൊടുങ്കാറ്റ് മുതലായവ തടയുമെങ്കിലും ഈ പ്രദേശത്ത് വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും സാധ്യമല്ല. മാത്രമല്ല ജലം ഇവിടെ തങ്ങിനില്‍ക്കുന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യതയും അവശേഷിക്കുന്നു. കൃത്രിമമഴയ്ക്കു ചില ഗുണവശങ്ങളുണ്ടെങ്കിലും കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രദേശത്തെ ജീവജാലങ്ങള്‍ക്കു ഭീഷണി സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.