ബി.കെ
കടുത്ത വേനലാകുമ്പോള്‍ ദൈവമേ… ഒരു മഴ ലഭിച്ചിരുന്നെങ്കിലെന്നു എല്ലാവരും പ്രാര്‍ഥിക്കും. ഇനി കടുത്ത മഴയാണേലോ. നശിച്ച മഴ കാരണം പുറത്തിറങ്ങാനാവുന്നില്ലല്ലോ എന്നു പരിതപിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും മഴക്കാലത്തെ സ്നേഹിക്കാത്തവരായി ആരുംതന്നെ കാണില്ല. കനത്ത ചൂടിനെ ശമിപ്പിച്ചു വേനല്‍മഴ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു.
ജൂണ്‍ ആദ്യവാരം കാലവര്ഷമെത്തുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. തോരാതെ പെയ്യുന്ന മഴയ്ക്കൊപ്പം വര്‍ധിക്കുന്ന മറ്റൊന്നു കൂടിയുണ്ട്, നാനാവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍. മഴക്കാലമെത്തുന്നതിനു മുന്‍പുതന്നെ നാടെങ്ങും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു തുടങ്ങി. ഡെങ്കിപ്പനിയും, എച്ച് വണ്‍ എന്‍ വണ്‍ പനിയും, ഡിഫ്തീരയയുമെല്ലാം ഉഗ്ര ശക്തിയോടെ പടരുകയാണ്. ഇതിന്റെ കൂടെ മഴയുമെത്തിയാല്‍ പിന്നെ കാര്യങ്ങള്‍ നിയന്തണ്രവിധേയമാക്കാന് ആരോഗ്യ വകുപ്പിനു നന്നേ കഷ്ടപ്പെടേണ്ടി വരും.
വേനല്‍ചൂടിന്റെ കാഠിന്യത്തില്‍നിന്നു പെട്ടെന്ന് മഴ പെയ്യുമ്പോള്‍ ഉണ്ടാവുന്ന കാലാവസ്ഥ വൃത്യാനങ്ങളാണ് രോഗങ്ങള്‍ വരുത്തിവയ്ക്കുന്നത്. റോഡുകളിലെ വെള്ളക്കെട്ടും കൊതുകു പെരുകുന്നതും ജലം മലിനമാകുന്നതുമെല്ലാം പകര്‍ച്ച വ്യാധികളുടെ വര്‍ധനയ്ക്കു കാരണമാകും. മഴയെത്തുമ്പോള്‍ അല്പം മുന്‍കരുതല്‍ സ്വീകരിച്ചാല്‍ ഈ രോഗങ്ങളെ പ്രതിരോധിക്കാനാവും.
വേണ്ടത് ശുചിത്വം
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക എന്നതാണ് രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗം. വീടുകളില്‍നിന്നു ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക, ഇനി പുറത്തു നിന്നാണെങ്കില്‍ വൃത്തിയുള്ള സ്ഥലങ്ങളില്‍നിന്നു മാത്രം ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, കൈ എപ്പോഴും കഴുകി വൃത്തിയാക്കി സൂക്ഷിക്കുക എന്നിവയാണ് പകര്‍ച്ച വ്യാധികതളെ തടയാനുള്ള മാര്‍ഗങ്ങള്‍.
വില്ലന്മാര് ഇവരാണ്
മഞ്ഞപ്പിത്തം, ന്യുമോണിയ, കോളറ, വൈറല്‍പ്പനി എന്നിങ്ങനെ പകര്‍ച്ച വ്യാധികളുടെ നീണ്ട നിരയുണ്ട് മഴക്കാലം ദുരിതകാലമാക്കാന്. കൂടാതെ, ടൈഫോയിഡ്, എലിപ്പനി തുടങ്ങിയ രോഗങ്ങളും വര്‍ഷകാലത്താണ് പടരുന്നത്. ഈവിധം രോഗങ്ങള്‍ വരാതെ പ്രതിരോധിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം.
പകര്‍ച്ചപ്പനി
കടുത്ത പനിയ്ക്കൊപ്പം തൊണ്ടവേദന, നടുവേദന, പേശികള്‍ക്കു വേദന, മൂക്കടപ്പ്, നീരിളക്കം എന്നിവയെല്ലാം പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ്. ഉടന്‍ വൈദ്യസഹായം തേടുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ടത്. ശ്രദ്ധിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്തവും ടൈഫോയിഡുമായി പനി മാറാനും സാധ്യത കൂടുതലാണ്.
മഞ്ഞപ്പിത്തം
ജലം മലിനമാകുമ്പോള്‍ പടരുന്ന രോഗമാണ് മഞ്ഞപ്പിത്തം. വേനല്‍ക്കാലത്തും മഴക്കാലത്തും ഒരുപോലെ പടരുന്ന മഞ്ഞപ്പിത്തം ശുചിത്വമില്ലായ്മ മൂലമാണ് പടരുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ രണ്ട് തരത്തിലുള്ള മഞ്ഞപ്പിത്തങ്ങളാണ് സാധാരണയായുള്ളത്. പനി, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം, വയറുവേദന എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍.
ടൈഫോയ്ഡ്
വര്‍ഷകാലത്ത് അതിവേഗം പടരുന്ന രോഗമാണ് ടൈഫോയ്ഡ്. വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് ഇതു പകരുന്നത്. ഈച്ചകളും ടൈഫോയ്ഡ് പടര്‍ത്തുന്നു. വിശപ്പില്ലായ്മ, ഇടവിട്ടുള്ള പനി എന്നിവ വന്നാല്‍ രക്തപരിശോധനയിലൂടെ ടൈഫോയ്ഡ് രോഗം നിര്‍ണയം നടത്തണം.
ന്യുമോണിയ
കുട്ടികള്‍ക്കു ഏറ്റവുമധികം പകരാന്‍ സാധ്യതയുള്ള രോഗമാണ് ന്യുമോണിയ. വായുവിലൂടെയാണ് ഇത് മുഖ്യമായും പകരുന്നത്. ശ്വാസം മുട്ടല്‍, കടുത്ത ചുമ, നെഞ്ചുവേദന, പനി എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം.
കോളറ
വളരെ വേഗം പടരുന്ന രോഗമാണ് കോളറ. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇതു പടരുന്നത്. പനിക്കൊപ്പം ഛര്‍ദ്ദിയും വയറിളക്കവുമാണ് കോളറയുടെ ലക്ഷണങ്ങള്‍. ക്ഷീണം മൂലം തളര്‍ച്ചയും അനുഭവപ്പെടാം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും കൈ സോപ്പ് ഉപയോഗിച്ചു കഴുകുക
2. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക
3. ഈച്ച ശല്യം തടയുക
4. പുറത്തുനിന്നുള്ള ജ്യൂസുകള്‍ കുടിക്കുന്നത് ഒഴിവാക്കുക
5. ഫ്രിഡ്ജില്‍ വച്ച ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക
6. രോഗങ്ങള്‍ വന്നാല്‍ ഉടന്‍ വൈദ്യസഹായം തേടുക, സ്വയം ചികിത്സ നടത്തരുത്.
7. വീടിന്റെ പരിസരങ്ങളില്‍ ചിരട്ടകള്‍, പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയിലൊക്കെ തൊകുകുകള് മുട്ടയിടാനുള്ള സാധ്യത കൂടുതലാണ്.