പൊൻകുന്നം: മഴക്കാല ഡ്രൈവിംഗിലെ അശ്രദ്ധമൂലം അപകടങ്ങൾ വർധിക്കുന്നു.മഴയിൽ റോഡിൽ ബ്രേക്ക് ചെയ്ത് തെന്നിമറിഞ്ഞാണ് കൂടുതൽ അപകടങ്ങളും. മഴക്കാലത്ത് തേഞ്ഞ ടയറുകളുമായുള്ള വാഹനങ്ങളുടെ ഓട്ടവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
ദേശീയപാതയും സംസ്ഥാനപാതയും വളവുകളും ഇറക്കങ്ങളും ഏറെയുള്ള റോഡാണ്. അശ്രദ്ധമായ ഓവർടേക്കിംഗിനിടെ അപ്രതീക്ഷിതമായി ചെയ്യേണ്ടിവരുന്ന ബ്രേക്കിംഗ് മൂലം വാഹനങ്ങൾ തെന്നിമറിയുന്ന അപകടങ്ങളാണ് അടുത്തിടെയുണ്ടായവയെല്ലാം.
മഴയിൽ കനത്ത മൂടൽമഞ്ഞിന് സമാനമായ അവസ്ഥയാണ് കിഴക്കൻമേഖലയിലെ വഴികളിൽ. ഈ സമയം ലൈറ്റ് തെളിച്ചില്ലെങ്കിൽ വാഹനങ്ങൾ ദൃശ്യമല്ല. പാലാ – പൊൻകുന്നം റോഡിൽ വഴിയോരക്കച്ചവടക്കാരുടെ ബാഹുല്യവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വഴിയോരം കയ്യേറി കടകൾകെട്ടി കച്ചവടം നടത്തുന്നതുമൂലം റോഡ് ഇടുങ്ങുകയാണ്.
ദേശീയപാതയിലും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലും അപകടങ്ങൾ ഏറുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലം – തേനി ദേശീയപാതയിലും പാലാ – പൊൻകുന്നം, പൊൻകുന്നം – മണിമല റോഡിലുമായി പത്തിലേറെ അപകടങ്ങളുണ്ടായി. എല്ലാം ചെറിയ അപകടങ്ങളായിരുന്നു എന്നതുമാത്രമാണ് ആശ്വാസം.
ഇത്തരം പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനിടമില്ല. അടുത്തിടെ രണ്ടു കടയിലേക്ക് കാറുകൾ പാഞ്ഞുകയറി അപകടമുണ്ടായതും മഴസമയത്താണ്. അമിതവേഗത്തിലെത്തിയ വാഹനങ്ങൾ റോഡിൽ തെന്നിയെത്തിയാണ് എലിക്കുളത്തും ഒന്നാംമൈലിലും കടകളിൽ ഇടിച്ചത്. രണ്ടിടത്തും കടയുടമകൾക്ക് പരിക്കേറ്റിരുന്നു.
വഴിയോരത്ത് കാടുവളർന്ന് ഗതാഗതനിർദേശ ബോർഡുകൾ പ്രത്യേകിച്ച് വേഗനിയന്ത്രണ ബോർഡുകൾ ദൃശ്യമല്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ബസുകളും ലോറികളും ടാറിംഗിനോട് ചേർന്ന് റോഡരികിൽ രാത്രി പാർക്കുചെയ്യുന്നതും ഹൈവേയിൽ പലയിടത്തും അപകടസാധ്യത കൂട്ടുന്നുണ്ട്.