തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
കനത്ത മഴയിൽ പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
തിരുവനന്തപുരത്ത് ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ചെമ്പഴന്തിയിൽ മതിലിടിഞ്ഞ് വീടിന് കേടുപറ്റി.
തിരുവനന്തപുരത്ത് പെയ്ത ശക്തമായ മഴയിൽ മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഗൗരീശപട്ടം പാലം പൂര്‍ണമായും മുങ്ങി.
പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴയാണ് പെയ്തത്. കോന്നി കൊക്കാത്തോട് മേഖലയിലാണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് പത്തനംതിട്ട ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ശബരിമല തീർത്ഥാടകർക്കും ജാഗ്രത നിർദേശമുണ്ട്.
മലയോര, തീരദേശ മേഖലകളിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രത്യേക ജാഗ്രത നിർദേശം നൽകി. മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ഖനന പ്രവർത്തനങ്ങൾക്കും മലയോര തീരദേശ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. കനത്ത മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇടുക്കിയില്‍ ഡാമുകള്‍ തുറന്നു. പൊന്മുടി, കല്ലാര്‍, പാംബ്ലാ, കല്ലാര്‍കുട്ടി ഡാമുകളാണ് തുറന്നത്. അണക്കെട്ടുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജാഗ്രതാ നിര്‍ദേശം നല്കി.
പൊന്മുടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഇന്നു രാവിലെ ആറു മുതല്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങി. 130 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ 500 ക്യുമെക്സ് വരെ വെള്ളമാണ് ഘട്ടംഘട്ടമായി പുറത്തേക്കൊഴുക്കുന്നത്. ഇന്നു രാവിലെ അഞ്ച് മുതല്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ ഒന്പതിനു തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങി. മുതിരപ്പുഴയാര്‍, പെരിയാര്‍ തീര മേഖലകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കല്ലാര്‍ ഡാമിന്റെ ഷട്ടറുകളും രാവിലെ മുതല്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങി. ഇടുക്കിയില്‍ രണ്ടു ദിവസങ്ങളിലായി ഉച്ചയ്ക്കു ശേഷം കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്.